കൊച്ചി: ഡോക്ടറെ ഹോട്ടലിൽ വിളിച്ചുവരുത്തി സംഘം ചേർന്നു മർദിച്ച കേസിലെ പ്രതികളായ നടി അതുല്യ ചന്ദ്രൻ, ബിപിൻ പെരുമ്പള്ളി, സഹായി വിഷ്ണു എന്നിവരുടെ ജാമ്യഹർജികൾ എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ആരോപണം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നുമുള്ള പൊലിസ് വാദം അംഗീകരിച്ച കോടതി ഈ ഘട്ടത്തിൽ പ്രതികൾക്കു ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്നു വിലയിരുത്തി.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പൊലിസ് വ്യക്തമാക്കി. നോട്ടീസ് നൽകാതെയാണ് അറസ്റ്റെന്നും അനാവശ്യമായാണു പ്രതിചേർത്തതെന്നും ചൂണ്ടിക്കാട്ടിയാണു ഹർജിക്കാർ കോടതിയെ സമീപിച്ചത്. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലിസ് കോടതിയിൽ അപേക്ഷ നൽകും. മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ പ്രതികൾ സെഷൻസ് കോടതിയെയും സമീപിച്ചേക്കും.