ന്യൂഡൽഹി: രാജ്യത്തിന്റെ നയം നിർണയിക്കാൻ ഇന്ത്യയിലോ അമേരിക്കയിലോ ഉള്ള ഒരു ശതകോടീശ്വരനും അവകാശമില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ കമൽ ഹാസൻ. ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് ചില വ്യവസായ പ്രമുഖർ തടയുകയാണെന്ന ഇലോൺ മസ്കിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്, അല്ലാതെ കോളനിയല്ല. ഞങ്ങൾ ലോകത്തെ സ്വാഗതം ചെയ്യുന്നു, എന്നാൽ ഇന്ത്യക്കാരായ ഞങ്ങൾ തന്നെയായിരിക്കും ഞങ്ങളുടെ ഭാവി നിർണയിക്കുക," എന്നാണ് കമൽഹാസന്റെ പ്രതികരണം.
ഇന്റർനെറ്റ് സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നതോടൊപ്പം ദേശീയ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കമൽ ഹാസൻ ഊന്നിപ്പറഞ്ഞു. നെറ്റ്വർക്കുകളെയും സ്പെക്ട്രത്തെയും വെറുമൊരു വാണിജ്യ സ്വത്തായി കാണാതെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളായി വേണം കാണാനെന്നും ഇന്ത്യയുടെ സുരക്ഷാ മുൻകരുതലുകളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുറന്ന വിപണി ആവശ്യപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങൾ, തങ്ങളുടെ വിപണികളെ സംരക്ഷിക്കുകയും വിദേശത്ത് മാത്രം സ്വതന്ത്ര മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു. തങ്ങളുടെ ആഭ്യന്തര നിർമാതാക്കളെ സംരക്ഷിക്കാൻ ഇന്ത്യ നടപടികൾ സ്വീകരിക്കുന്നത് പോലെ തന്നെയാണ് അമേരിക്ക ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുത്തക നിലനിർത്തുന്നതിനായി ചില വൻകിട മുതലാളിമാർ തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയെ തടയുകയാണെന്ന് മസ്ക് ആരോപിച്ചിരുന്നു.