കൊച്ചി: രാവിലെ വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ വൈകിട്ട് സുരക്ഷിതമായി തിരിച്ചെത്താനാകുമെന്ന ഉറപ്പുപോലും ഇല്ലാത്ത അവസ്ഥ. ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കൊച്ചി നഗരത്തിലെത്തുന്നവരുടെ മനസില്‍ ഇപ്പോള്‍ ഒരേ ആശങ്കയാണ്. വഴിയിലൂടെ ചീറിപ്പായുന്ന സ്വകാര്യ ബസുകള്‍ക്കിടയില്‍പെട്ട് ജീവന് നഷ്ടപ്പെടുമോ? കൊച്ചിയിലെ നിരത്തുകള്‍ സാധാരണ യാത്രക്കാര്‍ക്ക് ഭീതിയുടെ ഇടങ്ങളായി മാറുകയാണ്. സമയത്തിനെ തോല്പിക്കാനുള്ള മത്സരത്തില്‍ മനുഷ്യജീവനുകള്‍ക്ക് വിലയില്ലാത്ത അവസ്ഥയിലേക്കാണ് നഗരത്തിലെ ബസ് യാത്ര നീങ്ങുന്നത്.
യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ട പൊതുഗതാഗത സംവിധാനമാണ് പലപ്പോഴും വഴിയാത്രക്കാരുടെയും മറ്റു വാഹനയാത്രക്കാരുടെയും പേടിസ്വപ്നമാകുന്നത്. അമിതവേഗം, അപകടകരമായ ഓവര്‍ടേക്കിംഗ്, റോഡിലെ മത്സരയോട്ടം, അശ്രദ്ധമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള ബ്രേക്കിടല്‍... സ്വകാര്യ ബസുകളുടെ ഇത്തരം പ്രവൃത്തികള്‍ നഗരത്തിലെ നിരത്തുകളില്‍ നിത്യക്കാഴ്ചയാണ്. ബസ് സ്റ്റോപ്പുകളില്‍ കാത്തുനില്ക്കുന്നവര് മുതല്‍ റോഡ് മുറിച്ചുകടക്കുന്ന വയോധികരും കുട്ടികളും വരെ അപകടഭീഷണിയിലാണ്.
ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ മറ്റു വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയും നിയമങ്ങള്‍ കാറ്റില്‍പറത്തിയും പായുന്ന കാഴ്ചകള്‍ യാത്രക്കാരില്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല.
മുന്നില്‍ മറ്റൊരു ബസുണ്ടെങ്കില്‍ അതിനെ മറികടക്കാനുള്ള തിടുക്കം. സ്റ്റോപ്പില്‍ നിര്‍ത്തേണ്ട ബസ് അവസാന നിമിഷം വെട്ടിത്തിരിച്ച് പായുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും പലപ്പോഴും അവസരം ലഭിക്കുന്നില്ല. റോഡിലെ മറ്റു മനുഷ്യരുടെ സുരക്ഷയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലാത്ത വിധമാണ് ചില ഡ്രൈവര്‍മാരുടെ മരണപ്പാച്ചില്‍.
പൊലിസിനും രക്ഷയില്ല
ഹൈക്കോടതി ജംഗ്ഷനില്‍ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലിസുകാരനെ സ്വകാര്യ ബസ് ഇടിച്ചിട്ടതാണ് ഒടുവിലത്തെ സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫീസര്‍ ശ്രീദത്തിനാണ് പരിക്കേറ്റത്. കഴിഞ്ഞ ഏഴിന് വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ഗതാഗതം നിയന്ത്രിക്കുന്നതിനിടെ എത്തിയ സ്വകാര്യ ബസ് ശ്രീദത്തിനെ ഇടിച്ചിടുകയായിരുന്നു.
കാലിന് ചതവേറ്റ ശ്രീദത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കാക്കനാട് സ്വദേശി അനീഷിനെ എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലിസ് ബസും കസ്റ്റഡിയിലെടുത്തു.
കൊച്ചി കാക്കനാട് ഐടി ഉദ്യോഗസ്ഥയായ യുവതിയെ സ്വകാര്യ ബസ് ഇടിച്ചു കൊന്നതിന്റെ തൊട്ടു പിറ്റേന്നാണ് പൊലിസുകാരനെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചതെന്നതും ഞെട്ടിക്കുന്ന സംഗതിയാണ്. ഇന്‍ഫോപാര്‍ക്ക് - മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മലയില്‍ ബസാണ് തൃശൂര്‍ സ്വദേശിയായ അക്ഷരയെ ഇടിച്ചു കൊന്നത്. കാക്കനാട് ഇടച്ചിറ റോഡിലെ ഐഎംജി ജംഗ്ഷനിലായിരുന്നു അപകടം. ജിമ്മില്‍ നിന്നിന്ന് ഇറങ്ങിയശേഷം റോഡരുകിലൂടെ നടന്നു പോകുകയായിരുന്ന അക്ഷരയെ അമിതവേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു.
പൊലിയുന്നത്.
വിലപ്പെട്ട ജീവനാണ്
നഗരത്തിലെ റോഡുകള്‍ സ്വകാര്യ ബസുകള്‍ക്ക് മാത്രമുള്ളതല്ല. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, ഓട്ടോറിക്ഷാ യാത്രക്കാര്‍, കാല്‍നട യാത്രികര്‍, സ്കൂള്‍ കുട്ടികള്‍, വയോധികര്‍... എല്ലാവര്ക്കു ഒരു പോലെ അവകാശപ്പെട്ടതാണ് പൊതുനിരത്തുകള്‍. എന്നാല്‍ ചില ബസ് ഡ്രൈവര്‍മാരുടെ പെരുമാറ്റം കാണുമ്പോള്‍ ബസ് വരുമ്പോള്‍ റോഡിലുള്ളവര്‍ മാറിക്കൊടുക്കേണ്ടവര്‍ മാത്രമാണെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.
ബസ് സമയത്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിനെക്കാള് പ്രധാനമാണ് അതിലെ യാത്രക്കാരും റോഡിലുള്ള മറ്റുള്ളവരും ജീവനോടെ ലക്ഷ്യസ്ഥാനത്തെത്തുന്നത്. സമയക്രമവും ട്രിപ്പ് മത്സരവും വരുമാനവുമൊന്നും മനുഷ്യജീവനേക്കാള്‍ വലുതല്ല.
ഓരോ അപകടത്തിനുശേഷവും അന്വേഷണം പ്രഖ്യാപിക്കുന്നതിനപ്പുറം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നതാണ് വാസ്തവം.
വീട്ടില്‍നിന്നിറങ്ങുന്ന ഒരാള്‍ക്ക് തിരികെ വീട്ടിലെത്തുമെന്ന ഉറപ്പുണ്ടാകണം. റോഡിലൂടെ നടക്കുമ്പോള്‍ പിന്നില്‍നിന്ന് പാഞ്ഞെത്തുന്ന ബസിനെ ഭയന്ന് ഓടിമാറേണ്ടി വരരുത്.
കൊച്ചിയിലെ നിരത്തുകളില്‍ ഈ ഉറപ്പ് തിരിച്ചുകൊണ്ടുവരാന്‍ അധികൃതര്‍ക്ക് കഴിയുന്ന സമയത്ത് മാത്രമേ സുരക്ഷിത യാത്ര യാഥാര്‍ഥ്യമാകൂ.
(തുടരും)