തിരുവനന്തപുരം: കിഫ്ബിയിലെ ഉന്നത തസ്തികകളിൽ തുടർന്നിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ കിഫ്ബിയിൽനിന്നു പൂർണമായി ഒഴിവാക്കി.
പിണറായി സർക്കാരിന്റെ കാലത്ത് സർക്കാരുമായി അടുപ്പമുള്ള വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ താവളമായി അറിയപ്പെട്ടിരുന്ന കിഫ്ബിയിൽ നിന്നാണ് ലക്ഷങ്ങൾ ശന്പളം വാങ്ങിയിരുന്ന ഐഎഎസുകാരെ ഒഴിവാക്കിയത്.
കിഫ്ബി സിഇഒയുടെ ചുമതല വഹിച്ചിരുന്ന മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം യുഡിഎഫ് സർക്കാരിന്റെ ആദ്യകാലത്തുതന്നെ കിഫ്ബിയിൽ നിന്നു സ്വയം ഒഴിവായിരുന്നു. കിഫ്ബിയുടെ സഹോദരസ്ഥാപനത്തിൽ മാനേജിംഗ് ഡയറക്ടർ പദവിയിൽ തുടർന്നിരുന്ന മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇളങ്കോവൻ കഴിഞ്ഞ മാസം സ്ഥാപനം വിട്ടു.
ഇദ്ദേഹത്തിന്റെ ഒരു മാസത്തെ കാലാവധി പൂർത്തിയായിട്ടും സർക്കാർ പുതുക്കി നൽകാൻ തയാറാകാതിരുന്നതോടെയാണ് അദ്ദേഹം ഒഴിവായത്.
കിഫ്ബി അഡീഷണൽ സിഇഒ പദവി വഹിച്ചിരുന്ന മിനി ആന്റണിയുടെ കാലാവധി പൂർത്തിയായതിനു പിന്നാലെ അഡീഷണൽ സിഇഒ പദവിയിൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡയറക്ടറായ മുഹമ്മദ് ഷഫീഖ് എന്ന ഐഎഎസ് ഉദ്യോഗസ്ഥന് അധിക ചുമതല നൽകി നിയമിച്ചു. നിലവിൽ കിഫ്ബി സിഇഒയുടെ ചുമതല ധനകാര്യ റിസോഴ്സ് സെക്രട്ടറിയായ അജിത് പാട്ടീലാണ് നൽകിയിട്ടുള്ളത്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയതു വഴി ഇവരുടെ ശന്പളമിനത്തിൽ മാത്രം പ്രതിവർഷം 1.31 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് ധനവകുപ്പ് പറയുന്നത്.
സിഇഒയായിരുന്ന കെ.എം.ഏബ്രഹാമിന് പ്രതിമാസം 4.05 ലക്ഷവും ഇളങ്കോവന് നാലു ലക്ഷവും മിനി ആന്റണിക്ക് മൂന്നു ലക്ഷവുമായിരുന്നു പ്രതിമാസ ശന്പളം.