ഇരിട്ടി: കേരള–കർണാടക അതിർത്തിയിലെ തന്ത്രപ്രധാനമായ കൂട്ടുപുഴ ചെക്ക്പോസ്റ്റുകളിൽ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലുമില്ലാതെ പരിശോധന. മാക്കൂട്ടം ചുരം പാതവഴിയുള്ള ലഹരിക്കടത്തും നിയമവിരുദ്ധ ചരക്കുനീക്കവും തടയാൻ പരിശോധന ശക്തമാക്കുമ്പോഴും വാഹനങ്ങൾ സുരക്ഷിതമായി തടഞ്ഞുനിർത്താൻ ക്രോസ് ബാറോ ബാരിക്കേഡോ സ്ഥാപിച്ചിട്ടില്ല. പൊലിസ്, എക്സൈസ്, മോട്ടർ വാഹന വകുപ്പ് എന്നിവയുടെ മൂന്ന് ചെക്ക്പോസ്റ്റുകളിലായി 50-ലേറെ ഉദ്യോഗസ്ഥർ വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ കൈകാണിച്ചാണ് നിർത്തിക്കുന്നത്. നിർത്താതെ പോകുന്ന വാഹനങ്ങളുടെ പിന്നാലെ ഉദ്യോഗസ്ഥർക്ക് ഓടേണ്ട സാഹചര്യവുമുണ്ട്. പരിശോധനയ്ക്കിടെ ഒരു വർഷത്തിനിടെ രണ്ടുപേർ അന്വേഷണ സംഘത്തെ വെട്ടിച്ച് പുഴയിൽ ചാടിയതും സുരക്ഷാ വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. നേരത്തേ പുഴയിൽ ചാടിയ ഒരാളെ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം പുഴയിൽ ചാടിയ യുവാവിനെ പൊലീസും എക്സൈസും നാട്ടുകാരും ചേർന്ന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ഉദ്യോഗസ്ഥരെ അപായപ്പെടുത്തി രക്ഷപെടാൻ ശ്രമിച്ച സംഭവവും അതിർത്തിയിൽ നടന്നിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിക്കടത്തിനെതിരായ പരിശോധന ശക്തമാക്കിയതോടെയാണ് ചെക്ക്പോസ്റ്റുകളിലെ പരിമിതികൾ വീണ്ടും ചർച്ചയാകുന്നത്. വാഹനങ്ങൾ തടയാൻ ക്രോസ് ബാറും ബാരിക്കേഡും സ്ഥാപിക്കണമെന്ന ശുപാർശ നേരത്തേ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ചെക്ക്പോസ്റ്റുകളിലില്ല. കിണറോ സ്ഥിരം ജലവിതരണ സംവിധാനമോ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം പണം ചെലവഴിച്ചാണ് കുടിവെള്ളം വാങ്ങുന്നത്. ശുചിമുറി ഉപയോഗിക്കാനുള്ള വെള്ളം പോലും പുഴയിൽനിന്ന് എത്തിക്കേണ്ട അവസ്ഥയാണ്.
പുതിയ പാലം യാഥാർഥ്യമായതോടെ അതിർത്തി റോഡിന് വീതി വർധിച്ചെങ്കിലും ചെക്ക്പോസ്റ്റുകളിലെ വാഹന നിയന്ത്രണ സംവിധാനം ശാസ്ത്രീയമാക്കിയിട്ടില്ല. ലഹരിമരുന്ന്, മദ്യം, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്ത് തടയാൻ പരിശോധന ശക്തമാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ടുവർഷം മുന്പ് സമർപ്പിച്ച ശുപാർശകൾപോലും നടപ്പാക്കാത്തത് അധികൃതരുടെ അനാസ്ഥയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.