ന്യൂഡൽഹി: വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള നിർദിഷ്ട ഫോമുകളിൽ (ഫോം 6,7,8) സ്വന്തം നിലയ്ക്കു മാറ്റം വരുത്താൻ തെരഞ്ഞെടുപ്പു കമ്മിഷന് യാതൊരുവിധ അധികാരവുമില്ലെന്ന് സുപ്രീംകോടതി.
ഡൽഹിയിലെ വോട്ടർപട്ടിക സമഗ്രമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ. നേരത്തേതന്നെ വോട്ടർപട്ടികയിൽ പേരുള്ളവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താനായി എന്തിനാണ് പുതിയ വോട്ടർമാർക്കുള്ള ഫോം 6 പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്. ഫോം 6, 7, 8 എന്നിവ നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള നിർദിഷ്ട മാതൃകകളാണെന്നും അവയിൽ യാതൊരുവിധ തിരുത്തലുകളും മാറ്റങ്ങളും വരുത്താൻ കമ്മിഷനു സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ അടുത്ത കാലത്തൊന്നും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കാത്ത സാഹചര്യത്തിൽ എന്തിനാണ് അപേക്ഷകൾ സമർപ്പിക്കാൻ ഒക്ടോബർ 30 എന്ന അവസാന തീയതി കമ്മിഷൻ തിടുക്കപ്പെട്ടു നിശ്ചയിച്ചതെന്നും കോടതി ചോദിച്ചു.
പട്ടികയിൽ പേര് പുനഃസ്ഥാപിക്കുന്നതിന് കർശനമായ ഒരു സമയപരിധി നിശ്ചയിക്കരുതെന്ന് കമ്മിഷനോടു നിർദേശിച്ച ബെഞ്ച്, വിവിധ കാരണങ്ങളാൽ വിവരശേഖരണ ഫോമുകൾ നൽകാൻ കഴിയാതെപോയ വോട്ടർമാർക്കായി ലളിതമായ ഒരു ബദൽ പരിഹാരം കണ്ടെത്താൻ കമ്മിഷനോട് ആവശ്യപ്പെട്ടു.
മുമ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ഒരാളുടെ പേര് പിന്നീട് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള പോംവഴിയാണു കാണേണ്ടത്. അല്ലാതെ, അവരെ പുതിയ വോട്ടർമാരുടെ പട്ടികയിൽപ്പെടുത്തി ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും കോടതി ശാസിച്ചു.
ബിഹാറിലെ എസ്ഐആർ നടപടിയുടെ സാധുത കോടതി നേരത്തേ ശരിവച്ചിരുന്നെങ്കിലും പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വോട്ടർമാരെ ഒഴിവാക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
എസ്ഐആറിന്റെ ഓരോ ഘട്ടവും സുപ്രീംകോടതി പരിശോധിച്ച് ശരിവച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. എസ്ഐആർ നടപടികളിൽ ഉയരുന്ന ചോദ്യത്തിന്റെ എല്ലാം അന്തിമ തീരുമാനമല്ല ബിഹാർ എസ്ഐആർ കേസെന്നും കോടതി വ്യക്തമാക്കി.