തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സംഘടനാ തലത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ചു ചർച്ച ചെയ്ത സിപിഎം വിശാല സംസ്ഥാന-ജില്ലാ കമ്മിറ്റി യോഗങ്ങൾ കേവലം ചർച്ചയിൽ മാത്രം ഒതുങ്ങി.
തെരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങൾ കേന്ദ്ര-സംസ്ഥാന കമ്മിറ്റികൾ വിശദമായി ചർച്ച ചെയ്തെങ്കിലും കാതലായ ഒരു തിരുത്തലും പാർട്ടിയിൽ ഉണ്ടായില്ലെന്ന ആക്ഷേപമാണു നേതാക്കൾക്കിടയിലുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പാർട്ടി പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും തോൽവിയുടെ മുഖ്യകാരണക്കാരാണെന്നു പരക്കെ വിമർശനമുയർന്നിട്ടും രണ്ടുപേരും പാർട്ടിയിൽ കൂടുതൽ സുരക്ഷിതരാകുന്ന നിലയാണുണ്ടായത്.
സ്ഥാനാർഥിനിർണയത്തിലെ പാളിച്ച മാത്രമല്ല സംഘടനാ ദൗർബല്യങ്ങളും തെരഞ്ഞെടുപ്പു തോൽവിയുടെ ആക്കംകൂട്ടിയെന്ന കണ്ടെത്തലിന്റെകൂടി അടിസ്ഥാനത്തിലാണു ജില്ലയിലെ പ്രധാന നേതാക്കളെക്കൂടി ഉൾപ്പെടുത്തി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിനു മുന്പേ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ നിഗമനങ്ങളും തീരുമാനങ്ങളുമടങ്ങിയ റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് ഒരുപരിധിവരെ പാർട്ടി കേരള ഘടകത്തിന് എതിരായിരുന്നു.
തിരുത്തലുകൾ കൂടിയേ തീരൂവെന്ന് റിപ്പോർട്ടിലും, പിന്നീടു നടന്ന നേതൃയോഗങ്ങളിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും നിർദേശം നൽകിയെങ്കിലും അതൊന്നും ഇവിടെ ഗൗനിക്കപ്പെട്ടില്ലെന്നു മാത്രമല്ല മുതിർന്ന പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ പങ്കെടുത്ത പാർട്ടി നേതൃയോഗങ്ങളിലും പൊതുയോഗങ്ങളിലും ഇവിടെ നേതൃത്വത്തിന് ഒരുതെറ്റും സംഭവിച്ചിട്ടില്ലെന്ന മട്ടിലായിരുന്നു പ്രതികരിച്ചത്. പിണറായിക്കു പിന്നാലെ എം.വി. ഗോവിന്ദനും ഈ നിലപാട് ആവർത്തിച്ചു.
എന്നാൽ, വിശാല സംസ്ഥാന കമ്മിറ്റിയിൽ പോളിറ്റ് ബ്യൂറോയുടെ ശക്തമായ ഇടപെടലിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പാർട്ടി ശാസിച്ചു. കണ്ണൂരിലെ സ്ഥാനാർഥിനിർണയത്തിൽ പ്രത്യേകിച്ച് ഭാര്യയെ സ്ഥാനാർഥിയാക്കിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന കാരണത്താലാണു പാർട്ടി സെക്രട്ടറിക്കെതിരേ ശാസനാ നടപടിയുണ്ടായത്.
തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയേറ്റ കണ്ണൂർ ജില്ലയിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ മാറ്റുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ്ബാബുവിനെ മാറ്റിയത് അദ്ദേഹത്തിനെതിരേ നിലനിന്നിരുന്ന പരാതികളുടെകൂടി അടിസ്ഥാനത്തിലാണ്. സുരേഷ് ബാബുവിനെതിരേ പാർട്ടി അംഗം കൂടിയായ ഒരു വനിതയുടെ പരാതിയിൽ പാർട്ടിക്കു ഗത്യന്തരമില്ലാതെ നടപടിയെടുക്കേണ്ടിവന്നതാണ്.
കണ്ണൂരിൽ പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നതു തിരുത്തലിന്റെ ഭാഗമായി സിപിഎമ്മിൽ ആരും കാണുന്നില്ല. തിരുവനന്തപുരത്ത് വി. ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത് ഇതിന്റെ ഭാഗമായല്ല. എന്തൊക്കെയോ നടന്നുവെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചില അപ്രതീക്ഷിത തീരുമാനങ്ങൾ സിപിഎം നടത്തിയതെന്നു ചിന്തിക്കുന്നവർ തന്നെയാണു പാർട്ടിയിൽ അധികം പേരും.
വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിലെടുത്ത തീരുമാനങ്ങൾ പാർട്ടി ഏരിയ കമ്മിറ്റികൾ മുതൽ ബ്രാഞ്ചുതലം വരെ റിപ്പോർട്ട് ചെയ്യുക എന്നതു മാത്രമാണു തെറ്റുതിരുത്തലിന്റെ ഭാഗമായി ഇനി സിപിഎമ്മിൽ അവശേഷിക്കുന്നത്.
മാസപ്പടി കേസുൾപ്പടെ സമീപകാല രാഷ്ട്രീയ വിവാദങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ പിണറായി വിജയനെതിരേ പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോഴിക്കോട് വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ കടുത്ത വിമർശനം ഉയർന്നിട്ടും ഒരു നടപടിയും അദ്ദേഹത്തിനെതിരേ സ്വീകരിക്കാൻ സിപിഎം കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞില്ല.
നേതാക്കൾ തിരുത്തേണ്ടതു തിരുത്തണമെന്നല്ലാതെ പിണറായി തിരുത്തണമെന്നു എം.എ. ബേബിയും പറഞ്ഞില്ല. ചുരുക്കത്തിൽ, തെറ്റുതിരുത്താൻ ചേർന്ന വിശാല സിപിഎം സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നനഞ്ഞ പടക്കമായി.