സ്റ്റോക്ക്ഹോം: 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള (Physiology or Medicine) നൊബേൽ പുരസ്കാരം പീറ്റർ ഹെഗെമാൻ (72), ജോർജ് നാഗൽ (73), അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡീസറോത്ത് (54) എന്നീ ജർമ്മൻ ഗവേഷകർക്ക് ലഭിച്ചു .
ന്യൂറോ സയൻസിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ 'ഒപ്റ്റോജെനെറ്റിക്സ്' (Optogenetics) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം പ്രഖ്യാപിച്ചത്.
ബർലിനിലെ ഹംബോൾട്ട് സർവ്വകലാശാലയിലെ പ്രൊഫസറാണ് പീറ്റർ ഹെഗെമാൻ. വൂർട്സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനാണ് ജോർജ്ജ് നാഗൽ. കാൾ ഡീസറോത്ത് യു.എസിലെ പ്രശസ്തമായ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പ്രഫസറായി സേവനമനുഷ്ഠിക്കുന്നു.
എന്താണ് ഒപ്റ്റോജെനെറ്റിക്സ്? തലച്ചോറിലെ 'ലൈറ്റ് സ്വിച്ച്'
പ്രകാശത്തെയും ജനിതക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് തലച്ചോറിലെ നാഡീകോശങ്ങളെ (Neurons) നിയന്ത്രിക്കുന്ന അത്യാധുനിക രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്. തലച്ചോറിലെ ന്യൂറോണുകൾ മനുഷ്യന്റെ ഓർമ്മകൾ, വികാരങ്ങൾ, സ്വഭാവരീതികൾ എന്നിവ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.ഏകകോശ പായലുകളിൽ (Algae) കാണപ്പെടുന്ന വെളിച്ചത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളെക്കുറിച്ചുള്ള പീറ്റർ ഹെഗെമാന്റെ ആദ്യകാല ഗവേഷണങ്ങളാണ് ഈ കണ്ടുപിടുത്തത്തിന് അടിത്തറയിട്ടത്.
ജോർജ് നാഗലുമായി ചേർന്ന് അദ്ദേഹം 'ചാനൽ റോഡോപ്സിൻ' (Channelrhodopsin) എന്ന പ്രോട്ടീന്റെ പ്രവർത്തന രഹസ്യം കണ്ടെത്തി. തുടർന്ന് 2005-ൽ യുഎസ് ഗവേഷകനായ കാൾ ഡീസറോത്തിന്റെ സംഘം നാഡീകോശങ്ങളിലേക്ക് ഈ പ്രോട്ടീൻ കടത്തിവിട്ട് വെളിച്ചം ഉപയോഗിച്ച് ന്യൂറോണുകളെ ഉത്തേജിപ്പിക്കാമെന്ന് തെളിയിച്ചു. ഇതോടെ നാഡീകോശങ്ങളെ ഒരു 'ലൈറ്റ് സ്വിച്ച്' പോലെ ഓണാക്കാനും ഓഫാക്കാനും സാധ്യമായി.
പാർക്കിൻസൺസ്, അപസ്മാര രോഗികൾക്ക് പുതിയ പ്രതീക്ഷ
ഈ കണ്ടെത്തൽ നാഡീരോഗ ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പാർക്കിൻസൺസ്, അപസ്മാരം (Epilepsy) തുടങ്ങിയ സങ്കീർണ്ണമായ രോഗങ്ങളിൽ നാഡീകോശങ്ങളിലെ പ്രോട്ടീനുകൾക്ക് വലിയ പങ്കുണ്ട്. ഒപ്റ്റോജെനെറ്റിക്സ് വഴി രോഗബാധിതമായ കോശങ്ങളെ കൃത്യമായി നിയന്ത്രിക്കാനും പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും സാധിക്കുമെന്ന് എസെൻ യൂണിവേഴ്സിറ്റി ക്ലിനിക്കിലെ ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. ക്രിസ്റ്റോഫ് ക്ലീൻഷ്നിറ്റ്സ് ചൂണ്ടിക്കാട്ടി. ജർമ്മൻ ശാസ്ത്രലോകത്തിന് അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
നൊബേൽ പുരസ്കാരത്തിന് 125-ാം വാർഷികം; സമ്മാനത്തുക 10 ലക്ഷം യൂറോ
1901-ൽ ആൽഫ്രഡ് നൊബേലിന്റെ ഓർമ്മയ്ക്കായി ആദ്യമായി പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയതിന്റെ 125-ാം വാർഷികമാണ് ഈ വർഷം. 1.2 കോടി സ്വീഡിഷ് ക്രോണയാണ് (ഏകദേശം പത്ത് ലക്ഷം യൂറോ / 9 കോടിയിലധികം ഇന്ത്യൻ രൂപ) പുരസ്കാര തുക.ഭൗതികശാസ്ത്രം (ഒക്ടോബർ 6), രസതന്ത്രം (ഒക്ടോബർ 7), സാഹിത്യം (ഒക്ടോബർ 8), സമാധാനം (ഒക്ടോബർ 9), സാമ്പത്തിക ശാസ്ത്രം (ഒക്ടോബർ 12) എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രഖ്യാപിക്കും. ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്ഹോമിലും ഓസ്ലോയിലുമായി പുരസ്കാരങ്ങൾ ഔദ്യോഗികമായി കൈമാറും.