റോം: നിർമിതബുദ്ധി, ആണവായുധങ്ങൾ എന്നിവ ഉയർത്തുന്ന ആഗോള ഭീഷണികൾക്കെതിരേ അന്താരാഷ്ട്ര തലത്തിൽ ശക്തമായ സഹകരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ചരിത്രപ്രധാനമായ ‘റോം പ്രഖ്യാപന’ത്തിൽ ലോകനേതാക്കളും ശാസ്ത്രജ്ഞരും ഒപ്പുവച്ചു.
റോമിലെ ചരിത്രപ്രസിദ്ധമായ ക്യാപ്പിറ്റോൾ കുന്നിൽ നടന്ന ചടങ്ങിലാണ് ‘ആണവായുധങ്ങളും എഐയും നിറഞ്ഞ പുതിയ യുഗത്തിൽ നിരായുധീകരണത്തിലൂടെയുള്ള സമാധാനത്തിനായി’ നൊബേൽ ജേതാക്കളും സഭാതലവന്മാരും ശാസ്ത്രജ്ഞരും അടങ്ങുന്ന സംഘം കൈകോർത്തത്. ആർട്ടിഫിഷൽ ഇന്റലിജൻസ്, ആണവ-സ്വയംനിയന്ത്രിത ആയുധങ്ങൾ, പുതിയ ഡിജിറ്റൽ പ്രോട്ടോകോളുകൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഈ സംയുക്ത പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ്, ആണവയുദ്ധം എന്നിവയെക്കുറിച്ച് നടന്ന ‘ഗ്ലോബൽ നൊബേൽ ജേതാക്കളുടെ കൂട്ടായ്മ’യുടെ സമാപനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം ഒപ്പുവയ്ക്കപ്പെട്ടത്. മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന ലെയോ പതിനാലാമൻ മാർപാപ്പയുടെ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ എന്ന ചാക്രിയലേഖനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. മാർപാപ്പയുടെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ പൊന്തിഫിക്കൽ ഉദ്യാനത്തിലായിരുന്നു ആദ്യഘട്ട ചർച്ചകൾ.