'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയേറ്റർ ഹാളുകൾക്കുള്ളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ നൽകൂ എന്ന തീരുമാനവുമായി കൊൽക്കത്ത ആസ്ഥാനമായുള്ള എസ്വിഎഫ് സിനിമാസ്. പ്രേക്ഷകരുടെ മതവിശ്വാസങ്ങളെ മാനിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തിയേറ്റർ അധികൃതർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ 30 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന എസ്വിഎഫ് സിനിമാസിൽ, ഈ ചിത്രം പ്രദർശിപ്പിക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിനുള്ളിലേക്ക് മാംസാഹാരം അനുവദിക്കില്ല.
എന്നാൽ ഈ നിയന്ത്രണം 'രാമായണ'ത്തിന്റെ പ്രദർശന വേളയിൽ ഹാളിനുള്ളിൽ വിളമ്പുന്ന ഭക്ഷണത്തിന് മാത്രമായിരിക്കും ബാധകം. മറ്റ് സിനിമകൾക്ക് ഇത് ബാധകമല്ലെന്നും തിയേറ്ററ്റിന് പുറത്തെ കൗണ്ടറുകളിൽ നിന്ന് മാംസാഹാരം വാങ്ങാമെന്നും കമ്പനി അറിയിച്ചു.
ഹൈന്ദവ ഇതിഹാസത്തോടുള്ള ജനങ്ങളുടെ ഭക്തിയും വിശ്വാസവും കണക്കിലെടുത്താണ് ഇത്തരമൊരു മാറ്റം. മതപരവും സാംസ്കാരികവുമായ വേരുകളുള്ള ചില സിനിമകൾ കേവലം വിനോദത്തിനപ്പുറം വലിയ അർഥങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
ചില സിനിമകൾ കേവലം സിനിമ മാത്രമല്ല. രാമായണത്തിനിടെ ഹനുമാൻ ചാലിസ മുഴങ്ങുമ്പോൾ തിയേറ്റർ ഒരു ക്ഷേത്രം പോലെയായി മാറും തങ്ങളും അത് അനുഭവിക്കുന്നുണ്ടെന്നും തിയേറ്റർ വക്താവ് പറഞ്ഞു.
നേരത്തേ 'മഹാവതാർ നരസിംഹ' എന്ന ആനിമേഷൻ ചിത്രം പ്രദർശിപ്പിച്ചപ്പോൾ, ആദരസൂചകമായി പല പ്രേക്ഷകരും സ്വമേധയാ ചെരുപ്പുകൾ പുറത്ത് ഊരിവച്ച സംഭവമുണ്ടായിരുന്നു.
'ഹനുമാൻ അംശ്' പ്രദർശിപ്പിച്ചപ്പോഴും തിയേറ്ററിനുള്ളിൽ സസ്യാഹാരം മാത്രം നൽകണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. ഈ അനുഭവങ്ങളും പ്രേക്ഷകരുടെ പ്രതികരണങ്ങളുമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്ന് എസ്വിഎഫ് സിനിമാസ് കൂട്ടിച്ചേർത്തു.