ന്യൂഡൽഹി: ഭരണവിരുദ്ധവികാരമെന്നതു ഒരു യാഥാർഥ്യമാണെന്നും ഒരു സർക്കാരിനെയും അത് വെറുതെ വിടില്ലെന്നും ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ബംഗ്ലാദേശ് യുദ്ധം വിജയിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ ഇന്ദിരാഗാന്ധിക്കു ഭരണനഷ്ടമുണ്ടായതു ചൂണ്ടിക്കാട്ടിയ രാഹുൽ, കോൺഗ്രസ് ഉൾപ്പടെയുള്ള ദേശീയ-പ്രാദേശിക കക്ഷികൾക്ക് ഭരണവിരുദ്ധവികാരം നേരിടേണ്ടിവരുമ്പോൾ ഏതോ ഒരു കാരണത്താൽ ബിജെപിയെ മാത്രം ഇതു ബാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടിത്തട്ടിൽ ശക്തമായ ഭരണവിരുദ്ധവികാരമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പുഫലം വരുമ്പോൾ അത് അപ്രത്യക്ഷമാകുകയാണ്. ഇതിനെക്കുറിച്ചുള്ള അന്വേഷണമാണു രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുവെന്ന നിഗമനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷമായി താൻ ഇതേക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങൾ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽനിന്ന് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ബിജെപി ജയിച്ചാലും ജനങ്ങൾ വിശ്വസിക്കില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ നടത്തുന്ന ഇത്തരം ക്രമക്കേടുകൾ കാരണം ഭാവിയിൽ ബിജെപി വിജയിച്ചാൽ പോലും ജനങ്ങൾ അതു വിശ്വസിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സർക്കാരിനെതിരേയുള്ള ജനരോഷമാണ് ജന്തർ മന്തർ പ്രതിഷേധത്തിൽ പ്രതിഫലിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.