മുംബൈ: ഓട്ടോറിക്ഷ ഉൾപ്പെടെ കൊമേഴ്സ്യൽ വാഹനങ്ങൾ ഓടിക്കുന്നവർ മറാഠി ഭാഷയിൽ പ്രാഥമിക പരിജ്ഞാനം നേടണമെന്ന നിയമം നിർബന്ധമാക്കി മഹാരാഷ്ട്ര ഗതാഗത വകുപ്പ്.
ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത സേവനങ്ങളായ ഒല, ഊബർ, റാപ്പിഡോ തുടങ്ങിയവയുടെ ഡ്രൈവർമാരെല്ലാം മറാഠി അറിഞ്ഞിരിക്കണമെന്നാണ് നിർദേശം.
ഡ്രൈവർമാരുടെ ഭാഷാപരിജ്ഞാനം അളക്കാനുള്ള കർക്കശ പരിശോധന ഇന്നലെ തുടങ്ങുകയും ചെയ്തു. ഭാഷാ പരിജ്ഞാനമില്ലെന്നു കണ്ടെത്തുന്ന ഡ്രൈവർമാർക്കു പഠിക്കാൻ ഒരു മാസത്തെ സാവകാശംകൂടി അനുവദിക്കും. ഇതിനുശേഷമുള്ള പരിശോധനയിലും പരാജയപ്പെട്ടാൽ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കും.
ഭാഷ പഠിക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞ 15 നു അവസാനിച്ചതോടെയാണു പരിശോധന കർക്കശമാക്കിയതെന്ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക് അറിയിച്ചു.