ന്യൂഡല്‍ഹി: താന്‍ ഗാന്ധിയോ ഹീറോയോ അല്ലെന്നും വെറുമൊരു സാധാരണ പൗരനാണെന്നും കാലാവസ്ഥാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ സോനം വാംഗ്ചുക്. പരീക്ഷാ ക്രമക്കേടുകളടക്കം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കാന്‍ ആരെങ്കിലും നയിക്കാന്‍ കാത്തിരിക്കേണ്ടതില്ലെന്നും പൗരന്മാരെന്ന നിലയില്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു വരണമെന്നും ഡല്‍ഹി ജന്തര്‍ മന്തറില്‍ രണ്ടാഴ്ചയായി നിരാഹാര സമരം തുടരുന്ന വാംഗ്ചുക് പറഞ്ഞു.
വാംഗ്ചുക് നിലപാട് വിശദീകരിക്കുന്നു
? പരീക്ഷാ ക്രമക്കേടിനെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടി തുടങ്ങിയ പ്രക്ഷോഭത്തില്‍ പങ്കാളിയായി നിരാഹാരം തുടങ്ങിയതിനെക്കുറിച്ച് ഇപ്പോഴെന്തു തോന്നുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ആളുകളോട് നന്ദി പറയുന്നു. എന്നാല്‍ രണ്ടു തരത്തിലുള്ള അഭിപ്രായങ്ങള്‍ എന്നെ നിരാശനാക്കി. പലരും എന്നെ 21-ാം നൂറ്റാണ്ടിലെ ഗാന്ധിയെന്നും ആധുനിക ഗാന്ധിയെന്നും വിളിക്കുന്നു. മറ്റുള്ളവര്‍ എന്നെ ഹീറോയെന്നു വിളിക്കുന്നു. ഈ അഭിപ്രായങ്ങള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഞാന്‍ ഗാന്ധിയോ ഹീറോയോ അല്ല. എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ ശ്രമിച്ച ഒരു സാധാരണ പൗരന് മാത്രമാണ്.
? യുവാക്കളോട് എന്താണു പറയാനുള്ളത്.
ദയവായി മറ്റൊരാളില്‍ ഒരു ഹീറോയെ അന്വേഷിക്കരുത്. നിങ്ങളുടെ സ്വന്തം ജീവിതത്തിലെ ഹീറോയാകുക. ഒരു പൗരനെന്ന നിലയില്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക.
? പരീക്ഷാ ക്രമക്കേടിന്റെ ദുരന്തമായി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതു വേദനിപ്പിച്ചോ
വിദ്യാര്‍ഥികളുടെ ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പ്രതിഷേധം. മേയ് മാസത്തിലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് 20 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. അടുത്ത വര്‍ഷം എണ്ണം 40 അല്ലെങ്കില്‍ 80 ആയി ഉയരാന്‍ പാടില്ല. അത്തരം സാഹചര്യങ്ങള്‍ തടയുന്നതിനാണ് പ്രതിഷേധിക്കുന്നത്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം.
? ജന്തര്‍മന്തറിലെ സമരപ്പന്തലില്‍ തുടക്കത്തിലുള്ളതുപോലെ ആളുകളുടെ പങ്കാളിത്തം കുറയുന്നുണ്ടോ.
ജീവനൊടുക്കിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ നിങ്ങളുടെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ നിങ്ങളും സമരത്തില്‍ ചേരുമായിരുന്നു. പക്ഷേ അതിനായി കാത്തിരിക്കരുത്. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ എല്ലാ ദിവസവും വരാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ദിവസമെങ്കിലും ഞങ്ങളോടൊപ്പം ചേരുക. ഡല്‍ഹിയില്‍ വരാന്‍ കഴിയാത്തവര്‍ എവിടെയായിരുന്നാലും ഒരു ഉപവാസമനുഷ്ഠിക്കുകയും നിങ്ങളുടെ സന്ദേശം പങ്കിടുകയും ചെയ്യുക. ഞങ്ങളെപ്പോലെ 24 ദിവസം പട്ടിണി കിടക്കേണ്ടതില്ല. ഭക്ഷണം കഴിച്ചിട്ടു വരാം. നിഷ്ക്രിയരായി തുടരുന്നതിനു പകരം പൗരനെന്ന നിലയിലുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് 20ലെ പാര്‍ലമെന്റ് മാര്‍ച്ചില്‍ കൂടുതലാളുകള്‍ വരിക.
? രണ്ടാഴ്ച നിരാഹാരം കിടന്നപ്പോള്‍ ക്ഷീണമില്ലേ.
13 ദിവസം കഴിഞ്ഞിട്ടും എനിക്കു കുഴപ്പമൊന്നുമില്ല. ചെറിയ ക്ഷീണമുണ്ട്. മറ്റു പ്രശ്നങ്ങളൊന്നുമില്ല. ആദ്യദിവസമുണ്ടായ വിശപ്പ് പിന്നീടില്ല. നിരാഹാരവുമായി ശരീരം പൊരുത്തപ്പെടുന്നതിനാല്‍ ആദ്യദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ്. ഇപ്പോള്‍ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെട്ടു. അസ്ഥികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ എനിക്കിപ്പോഴും ഊര്‍ജസ്വലത തോന്നുന്നുണ്ട്.
? ആരോഗ്യം വഷളായാല്‍ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റില്ലേ.
എന്റെ ജീവന് ഒരു ഭീഷണിയുമില്ല. അവരെന്നെ നീക്കം ചെയ്താല്‍, അത് ഞങ്ങളുടെ അവകാശങ്ങളുടെ ലംഘനമായിരിക്കും. സമാധാനപരമായ പ്രതിഷേധമാണു നടത്തുന്നത്. രാജ്യവും ലോകവും നമ്മുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഉറ്റുനോക്കുകയാണ്. ഇതൊരു ഔദാര്യമല്ല; അവകാശമാണ്. ആര്‍ട്ടിക്കിള്‍ 19 പ്രകാരം സമാധാനപരമായ പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശം തുടര്‍ന്നും ബഹുമാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
? വിദ്യാഭ്യാസമന്ത്രിയുടെ രാജി ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ടോ.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനു മുമ്പായി വിദ്യാഭ്യാസമന്ത്രിയുടെ രാജി സ്വീകരിച്ചാല്‍ സര്‍ക്കാരിന് യുവാക്കള്‍ക്കിടയില്‍ വീണ്ടും ജനപ്രീതി നേടാനാകും. യുവാക്കള്‍ക്കിടയില്‍ നിലവില്‍ വലിയ രോഷമുണ്ട്.
ഇതവര്‍ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും. മന്ത്രി രാജിവച്ചില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ ചെയ്യും.