തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകട കേസിൽ പൊലിസിനു വീഴ്ച പറ്റിയെന്നു നിയമസഭയിൽ തുറന്നുസമ്മതിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കുറ്റക്കാരായ പൊലിസുകാർക്കെതിരേ സർക്കാർ കർക്കശ നടപടി സ്വീകരിക്കുമെന്നു പറഞ്ഞു.
തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണനെ അമിതവേഗത്തിലെത്തി കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ അഡീഷണൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകനു ജാമ്യം ലഭിക്കാൻ വകുപ്പുകൾ പൊലിസ് മയപ്പെടുത്തി.
ജഡ്ജിയുടെ മകനല്ല, ആരുടെ മകനായാലും പൊലിസ് ഉദ്യോഗസ്ഥർ ഇത്രയും വലിയ അട്ടിമറി നടത്തരുതായിരുന്നു. സ്പോട്ട് വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ച പൊലിസ് ഉദ്യോഗസ്ഥർക്കും എഫ്ഐആറിൽ പ്രധാന വകുപ്പുകൾ ചേർക്കാൻ വിമുഖത കാട്ടിയ ഉദ്യോഗസ്ഥർക്കും എതിരേ മുഖം നോക്കാതെ നടപടിയുണ്ടാകുമെ ന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, നെടുന്പാശേരി വാഹനാപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷേ, പൊലിസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.
ജഡ്ജി സ്റ്റേഷനിൽ പോകാൻ പാടില്ലായിരുന്നു: ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജഡ്ജി സ്റ്റേഷനിൽ പോകാൻ പാടില്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു പ്രതിയുടെ പിതാവ് ലംഘിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ മകളോടു ജഡ്ജി മോശമായി പെരുമാറി.
ഒരു ജഡ്ജി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവിടെ ചെയ്തത്. കുട്ടി മൈനറായതിനാലാണ് കാർ കൊണ്ടുപോകാൻ അനുവദിച്ച ജഡ്ജിക്കെതിരേ കേസെടുത്തത്. അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടേക്കു പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും കേൾക്കാത്ത പൊലിസ് സേനയെക്കുറിച്ചുള്ള നടപടി ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി.
ആർടിഐ നിയമത്തിൽ വെള്ളം ചേർക്കില്ല
തിരുവനന്തപുരം: വിവരാവകാശ നിയമത്തിൽ (ആർടിഐ) വെള്ളം ചേർക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി.
രഹസ്യ സ്വഭാവമുള്ള കേസുകളിലെ വിവരങ്ങൾ പുറത്തുവന്നാൽ അതിന്റെ ഗുണം പ്രതികൾക്കു ലഭിക്കും. കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവന്നാൽ കേസന്വേഷണത്തെ ബാധിക്കും.
നിലവിൽ കുറ്റപത്രം ഉൾപ്പെടെ പരസ്യമാക്കുന്നുണ്ട്. എന്നാൽ, അന്വേഷണ സമയത്തു വിവരങ്ങൾ നൽകുന്നതു പ്രതികൾക്കു ഗുണകരമാകുകയും കേസിനെ ദോഷമായി ബാധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.