തൃശൂർ: വ്യാജവാർത്തകളും ചെളിവാരിയെറിയലും നിറഞ്ഞ സോഷ്യൽമീഡിയ നിലവാരത്തിലേക്ക് മുഖ്യധാരാ മാധ്യമങ്ങൾ താഴരുതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. നൽകിയ വാർത്ത തെറ്റാണെന്നറിഞ്ഞിട്ടും ഖേദം പ്രകടിപ്പിക്കാത്ത രീതി ശരിയല്ല.
ഭരണ-രാഷ്ട്രീയ-മത നേതൃത്വങ്ങൾ തെറ്റായ വഴിയിൽ പോകുന്പോൾ തിരുത്താൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. വളരുന്ന തലമുറയെ തെറ്റിദ്ധരിപ്പിക്കാത്ത ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനമാണ് ആവശ്യം.
കേരളത്തിൽ മാധ്യമങ്ങൾ ശക്തമാകണം, മാധ്യമപ്രവർത്തകർ ശക്തമാകണം. കേരളത്തെ രാജ്യത്തിന്റെ ഒന്നാംനിരയിൽ എത്തിക്കാൻ എല്ലാവരും ചേർന്നു ശ്രമിക്കണം. ആ ശ്രമങ്ങൾക്ക് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നിർണായകമായ പങ്കുണ്ട്.
തൃശൂരിന്റെ പാരന്പര്യം നിലനിർത്തി തേക്കിൻകാട് മൈതാനത്തെ ലോകോത്തര നിലവാരമുള്ള സ്ക്വയറാക്കി മാറ്റുകയാണു സർക്കാരിന്റെ ലക്ഷ്യം. ഇതിനായി ആദ്യ ബജറ്റിൽതന്നെ തുക വകയിരുത്തിയിട്ടുണ്ട്. വിദേശസഞ്ചാരികളെപ്പോലും ആകർഷിക്കുന്ന രീതിയിലാകും നവീകരണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശൂർ കാസിനോ ഹോട്ടലിൽ തൃശൂർ പ്രസ് ക്ലബ്ബിന്റെ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.