മോസ്കോ: റഷ്യയിലെ പ്രമുഖ സ്വതന്ത്ര പത്രമായ നൊവായ ഗസറ്റ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. റഷ്യന്‍ ഭരണകൂടത്തിന്റെ പീഡനവും സമ്മര്‍ദവുമാണു മൂന്നു പതിറ്റാണ്ടായി പ്രസിദ്ധീകരിക്കുന്ന പത്രം പൂട്ടാന്‍ കാരണം.
നവംബര്‍ ഒമ്പതിനു സെര്‍വറുകള്‍ ഓഫ് ചെയ്യുമെന്നും മോസ്കോയിലെ ഓഫീസ് ഒഴിയുമെന്നും ‘ഞങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പത്രം അറിയിച്ചു.
സോവ്യറ്റ് യൂണിയന്റെ പതനത്തിനു പിന്നാലെ 1993ലാണു പത്രം ആരംഭിക്കുന്നത്. അവസാന സോവ്യറ്റ് നേതാവായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിന്റെ സഹായം ഇതിനുണ്ടായിരുന്നു. അഴിമതിവിരുദ്ധതയും സർക്കാരിനെതിരായ വിമർശനവും പത്രത്തിന്റെ മുഖമുദ്രയായിരുന്നു.
2022ല്‍ റഷ്യന്‍ സേന യുക്രെയ്നില്‍ അധിനിവേശം തുടങ്ങിയശേഷമാണു പത്രത്തിനുമേല്‍ ഭരണകൂട പീഡനം ശക്തമായത്. പത്രത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ തടയുകയും എഡിറ്റര്മാര്ക്കെതിരേ ക്രിമിനല്‍ കേസുകളെടുക്കുകയും ചെയ്തിരുന്നു.
പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ദിമിത്രി മുറാട്ടോവിന് 2021ല്‍ സമാധാന നൊബേല്‍ ലഭിച്ചിരുന്നു.