കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ തടയാനും ഇരയാകുന്നവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. വന്യമൃഗങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്കില്ലെന്നും വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ തടയാന്‍ സാധ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള വനംവകുപ്പിന്റെ വാദം തള്ളിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ നിരീക്ഷണം.
സര്‍ക്കാര്‍ നിശ്ചയിച്ച പരിമിതമായ തുകയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരം സിവില്‍ കോടതി വഴി തേടാം. കാട്ടാനആക്രമണത്തില്‍ സ്ഥിരവൈകല്യം സംഭവിച്ച കര്ഷകന് വയനാട് വൈത്തിരി തരിയോട് സ്വദേശി വി.കെ. സാബുവിന് 5,37,030 രൂപ എട്ടുശതമാനം പലിശസഹിതം നല്‍കാനുള്ള മുന്‍സിഫ് കോടതിയുടെ 2021 മാര്‍ച്ച് 31ലെ വിധി ശരിവച്ചാണ് ഉത്തരവ്.
2017 ജൂലൈ അഞ്ചിന് പുലര്‍ച്ചെയാണ് മൂന്നു കാട്ടാനകളുടെ ആക്രമണത്തിനിരയായത്. അടിയന്തര സഹായമായി വനംവകുപ്പ് 75,000 രൂപ നല്‍കിയെങ്കിലും പിന്നീടൊന്നും ഉണ്ടായില്ല. ചികിത്സയ്ക്ക് ഇതു മതിയാകില്ലെന്നും വൈകല്യം കണക്കിലെടുത്ത് കൂടുതല്‍ നഷ്ടപരിഹാരം വേണമെന്നുമുള്ള ഹര്‍ജിയില്‍ കല്പറ്റ മുന്‍സിഫ് കോടതിയില്‍നിന്ന് അനുകൂലവിധി നേടിയെങ്കിലും വനംവകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
വനമേഖലയോടു ചേര്‍ന്നുള്ള ജനവാസകേന്ദ്രങ്ങളില്‍ വേലിയും ട്രഞ്ചുകളും ഒരുക്കുന്നതില്‍ വനംവകുപ്പിനു വീഴ്ചയുണ്ടായതായി കണ്ടെത്തിയ കോടതി, വനം വകുപ്പിന്റെ ഹര്‍ജി തള്ളി. വന്യജീവികളെ സംരക്ഷിക്കുന്നതോടൊപ്പം പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണം.
ജനവാസകേന്ദ്രങ്ങളും കാര്‍ഷികവിഭവങ്ങളും വന്യജീവി ആക്രമണങ്ങളില്‍നിന്നു സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍നിന്നു സര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും കോടതി വ്യക്തമാക്കി.