കൊട്ടിയൂർ: തുടർച്ചയായി പെയ്യുന്ന മലയോര മേഖലയിലെ കനത്ത മഴയിൽ കൊട്ടിയൂർ - ബോയ്സ്ടൗൺ പാതയിലെ പാൽചുരം ചെകുത്താൻ തോടിനു സമീപം വൻ മലയിടിച്ചിൽ.
ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മലവെള്ളപ്പാച്ചിലിനൊപ്പം വലിയ പാറക്കല്ലുകളും വലിയതോതിൽ മണ്ണും പാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന മലയോരപാത വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഈ വഴിയുണ്ടായിരുന്ന യാത്രക്കാർ ദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ യാത്രികർതന്നെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്.
മുമ്പും കനത്ത മഴ പെയ്ത സമയങ്ങളിൽ ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ ശക്തമായ മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുതതൂണുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു.
മലയോര മേഖലയിൽ വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇനിയും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇത് മുൻനിർത്തി യാത്രക്കാരുടെ സുരക്ഷയ്ക്കായി അമ്പായത്തോട് ടൗണിൽ ഗതാഗതം നിരോധിച്ച് പോലീസും റവന്യു അധികൃതരും ബോർഡുകൾ സ്ഥാപിച്ചു.
ഗതാഗതനിയന്ത്രണം തുടരും
കണ്ണൂർ: പാൽചുരത്ത് ചെകുത്താൻ തോടിനു സമീപം ഇനിയും മണ്ണിടിച്ചിൽ സാധ്യയുള്ളതിനാൽ ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അറിയിച്ചു. വൈകുന്നേരത്തോടെ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തെ തടസങ്ങൾ നീക്കിയെങ്കിലും ഇനിയും മണ്ണിടിച്ചിൽ സാധ്യത തള്ളിക്കളയാനാകില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഗതാഗത നിയന്ത്രണം തുടരുന്നത്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാൽചുരം വഴി പോകേണ്ട വാഹനങ്ങൾ നെടുന്പൊയിൽ-പേരിയ ചുരം വഴി കടന്നുപോകണമെന്ന് പോലീസ് അറിയിച്ചു.