ഓച്ചിറ : ഓച്ചിറ ക്ഷേത്രത്തിലെ കെട്ടുത്സവത്തിന് അഞ്ചുകോടിരൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ് ജില്ലാ പോലീസ് മേലധികാരി വിളിച്ചുചേര്‍ത്ത കാളകെട്ടുസമിതി ഭാരവാഹികളുടെ യോഗത്തില്‍ അറിയിച്ചു.
കെട്ടുത്സവം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി പൊലിസും ക്ഷേത്രഭരണസമിതിയും ചേര്‍ന്ന് തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗത്തില്‍ കാളകെട്ടുസമിതി ഭാരവാഹികള്‍ക്ക് കൈമാറി.
വലുപ്പത്തില്‍ മുന്നില്‍നില്‍ക്കുന്ന അഞ്ച് കെട്ടുകാളകള്‍ ഉത്സവ ദിവസം വൈകുന്നേരം നാലിനു മുമ്പും, മറ്റു കെട്ടുകാളകള്‍ ആറിനുമുമ്പും പടനിലത്ത് പ്രവേശിക്കണം. കെട്ടുകാളകള്‍ക്കൊപ്പം അഗ്നി ശമനയന്ത്രം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അടിയന്തരഘട്ടത്തില്‍ ആംബുലന്‍സ്, അഗ്നിശമന വാഹനങ്ങള്‍ കടന്നുപോകാനുള്ള സൗകര്യം എന്നിവ ഒരുക്കണം, കെട്ടുകാളകള്‍ക്കു മുകളില്‍ കയറുന്നവര്‍ ആവശ്യമായ സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം കെട്ടുകാളകള്‍ക്കൊപ്പം കരുതാന്‍ പാടില്ല.തീപടരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. ഡി.ജെ, ഫോഗിംഗ് തുടങ്ങിയവ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.
ദേശീയപാതയിലെ ഗതാഗതം കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനില്‍നിന്ന് ആലപ്പാട് പഞ്ചായത്ത് വഴി തിരിച്ചുവിടും. അതിനാല്‍ അഴീക്കല്‍ ഭാഗത്തുനിന്നു വരുന്ന കെട്ടുകാളകള്‍ ഉത്സവദിവസം രാവിലെ ഒന്പതിനു മുന്‍പ് അഴീയ്ക്കല്-ആയിരംതെങ്ങ് പാലം കടന്ന് കിഴക്കുഭാഗത്ത് എത്തണം. ദേശീയപാതയ്ക്ക് കിഴക്കുനിന്നു വരുന്ന കെട്ടുകാളകള്‍ രാവിലെ ഒന്പതിനുശേഷംമാത്രമേ ദേശീയപാതയില്‍ കടക്കാന്‍ പാടുള്ളൂവെന്നും പൊലിസ് അറിയിച്ചു.
യോഗം ജില്ലാ പൊലിസ് മേധാവി ഹേമലത ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളില്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആര്.ഡി. പത്മകുമാര്‍, ട്രഷറര്‍ സാഗര്‍ മക്കാടം, കരുനാഗപ്പള്ളി എസിപി ആര്. വിനോദ്കുമാര്‍, സ്പെഷല്‍ ബ്രാഞ്ച് എസിപി രാജേഷ്, കരുനാഗപ്പള്ളി എസ്എച്ച്ഒ. ജി. ഗോപകുമാര്‍, തഹസിര്ദാര് ബോസ് ഫ്രാന്‍സിസ്, ഓച്ചിറ എസ്. ഷമീര്‍, കാര്യനിര്‍വഹണസമിതി അംഗങ്ങള്‍, കാളകെട്ടുസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.