അബുദാബി: സൗദി അറേബ്യയിലെ ‘ഈസ്റ്റ് - വെസ്റ്റ് എണ്ണ പൈപ്പ്ലൈൻ’ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ പൈപ്പ്ലൈനുകൾക്ക് നേരെയാണ് ഇറാഖിൽനിന്ന് ഡ്രോൺ ഉപയോഗിച്ച് ആക്രമണമുണ്ടായത്.
സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ സുരക്ഷയെയും മേഖലയുടെ സ്ഥിരതയെയും ബാധിക്കുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ അടിയന്തര പ്രതിരോധ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.
ആക്രമണം നടത്തിയതിനെതുടർന്ന് പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചതായി സൗദി ഊർജ മന്ത്രാലയമാണ് അറിയിച്ചത്.