മുംബൈ: ഇന്ത്യയിൽനിന്നുള്ള എണ്ണപ്പിണ്ണാക്കിന്റെ (പ്രധാനമായും മൃഗതീറ്റ) കയറ്റുമതി നടപ്പ് സാന്പത്തിക വർഷത്തിന്റെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28.51 ശതമാനം ഇടിഞ്ഞ് 12.82 ലക്ഷം ടണ്ണായി കുറഞ്ഞു.
ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണപ്പിണ്ണാക്ക് ലഭ്യമായത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ മത്സരശേഷിയെ ബാധിച്ചു. സോയാബീൻ പിണ്ണാക്കിന്റെ കയറ്റുമതിയിലുണ്ടായ കനത്ത ഇടിവാണ് പ്രധാനമായും ബാധിച്ചതെന്ന് വ്യവസായ സംഘടനയായ സോൾവെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 17.93 ലക്ഷം ടണ്ണിന്റെ കയറ്റുമതിയാണ് നടന്നതെന്ന് എസ്ഇഎ വ്യക്തമാക്കി. 2025-26 സാന്പത്തികവർഷം ആകെ 37.68 ലക്ഷം ടണ്‍ പിണ്ണാക്കിന്റെ കയറ്റുമതിയാണു നടന്നത്. സോയാബീൻ പിണ്ണാക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം ഇടിവോടെ 2.05 ലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7.57 ലക്ഷം ടണ്ണിന്റെ കയറ്റുമതി നടന്ന സ്ഥാനത്താണ് ഈ വലിയ കുറവുണ്ടായത്.
ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ അന്താരാഷ് ട്രവിപണിയിൽ ഇന്ത്യൻ സോയാബീൻ പിണ്ണാക്ക് കടുത്ത വിലക്കയറ്റ സമ്മർദം നേരിട്ടതായി എസ്ഇഎ അറിയിച്ചു. ആഗോളതലത്തിൽ ടണ്ണിന് ശരാശരി 445 ഡോളർ നിരക്കിൽ വ്യാപാരം നടക്കുന്പോൾ, ഇന്ത്യൻ പിണ്ണാക്കിന് ടണ്ണിന് 622 ഡോളറോളമായിരുന്നു വില.
ആധിപത്യം തെക്കേ അമേരിക്കൻ രാജ്യങ്ങൾക്ക്
അർജന്റീന, ബ്രസീൽ തുടങ്ങിയ തെക്കേ അമേരിക്കൻ ഉത്പാദകരിൽനിന്നുള്ള കടുത്ത മത്സരമാണ് ഇടിവിനു കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളിൽനിന്നുള്ള കുറഞ്ഞ നിരക്കിലുള്ള വിതരണം ആഗോള വിപണിയിലെ വലിയൊരു പങ്ക് കൈയടക്കാൻ ഇടയാക്കി.
ആഭ്യന്തര ആവശ്യകതയും കപ്പൽപാതകളിലെ തടസവും
ആഭ്യന്തര മൃഗസംരക്ഷണ, പൗൾട്രി തീറ്റ നിർമാതാക്കളിൽനിന്നുള്ള ശക്തമായ ആവശ്യകതയും ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗത തടസങ്ങളും ഉയർന്ന കടൽമാർഗമുള്ള ചരക്കുകൂലിയും കയറ്റുമതിയെ ബാധിച്ചതായും അസോസിയേഷൻ വ്യക്തമാക്കി.
ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള വിൽപനയിലൂടെ കടുകെണ്ണ പിണ്ണാക്ക് കയറ്റുമതി നേരിയ ആശ്വാസം നൽകി. മുൻവർഷത്തെ ഇതേ കാലയളവിലെ 9,15,000 ടണ്ണുമായി താരതമ്യം ചെയ്യുന്പോൾ ഇത്തവണ 8,80,000 ടണ്‍ കടുകെണ്ണ പിണ്ണാക്കാണ് കയറ്റുമതി ചെയ്തത്. ആവണക്കെണ്ണ പിണ്ണാക്കിന്റെ കയറ്റുമതി കഴിഞ്ഞ വർഷത്തെ 1,06,000 ടണ്ണിൽനിന്ന് 96,245 ടണ്ണായി കുറഞ്ഞു. നിലക്കടല പിണ്ണാക്കിന്റെ കയറ്റുമതിയിൽ 14,960 ടണ്ണിൽനിന്ന് 3231 ടണ്ണിലേക്ക് വലിയ ഇടിവു രേഖപ്പെടുത്തി.
ഇറക്കുമതിയിൽ മുന്നിൽ ചൈന, ബംഗ്ലാദേശ്
എസ്ഇഎ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യൻ എണ്ണക്കുരു പിണ്ണാക്കുകളുടെ പ്രധാന ഇറക്കുമതിക്കാർ ചൈന, ബംഗ്ലാദേശ്, ദക്ഷിണകൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്.
ചൈനയുടെ ഇറക്കുമതി ഒരു വർഷം മുന്‍പത്തെ 3.57 ലക്ഷം ടണ്ണിൽനിന്ന് 4.01 ലക്ഷം ടണ്ണായി ഉയർന്നു. ബംഗ്ലാദേശിന്റേത് 1,78,190 ടണ്ണിൽനിന്ന് 2,17,194 ടണ്ണിലേക്കെത്തി. എന്നാൽ, ദക്ഷിണകൊറിയയുടെ വാങ്ങലിൽ കുറവുണ്ടായി. കഴിഞ്ഞ വർഷത്തെ 2,09,887 ടണ്ണിൽനിന്ന് 1,53,932 ടണ്ണിലേക്ക് കുറഞ്ഞു. വിയറ്റ്നാമിന്റെ ഇറക്കുമതി 92,189 ടണ്ണിൽനിന്ന് 1,13,951 ടണ്ണായി ഉയർന്നു.