കീവ്: തെക്കൻ യുക്രെയ്നിലെ ഒലെഷ്കി പട്ടണത്തിൽ ഇന്നലെ രാവിലെ മുതൽ വെടിനിർത്തൽ പ്രാബല്യത്തിലായി. അതേസമയം, ഇതരസ്ഥലങ്ങളിൽ റഷ്യ-യുക്രെയ്ൻ ഏറ്റുമുട്ടൽ തുടരുകയാണ്.
യുദ്ധമുന്നണിയിൽ സ്ഥിതി ചെയ്യുന്ന ഒലെഷ്കി പട്ടണത്തിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇരുകൂട്ടരും വെടിനിർത്തലിനു സമ്മതിച്ചത്. സഹായം വിതരണം ചെയ്യുന്നതിനൊപ്പം പട്ടണത്തിലുള്ളവരെ ഒഴിപ്പിച്ചുമാറ്റാനും നീക്കമുണ്ട്.
അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപാണു വെടിനിർത്തലിനു മുൻകൈ എടുത്തതെന്ന് യുക്രെയ്നും റഷ്യയും അറിയിച്ചു. ഇന്നലെ വെടിനിർത്തൽ നിലവിൽ വന്നതായും ഇരുകൂട്ടരും സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്ൻ തലസ്ഥാനമായ കീവിലടക്കം റഷ്യൻ വ്യോമാക്രമണം അവസാനിച്ചിട്ടില്ല. കീവ് നഗരത്തിലെ ഒരു പാലവും ഭൂഗർഭ സ്റ്റേഷനും ഇന്നലെ ആക്രമിക്കപ്പെട്ടു. ഇതേത്തുടർന്ന് ഗതാഗതം താറുമാറായി.
ഇതിനിടെ, അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവംബർ മധ്യത്തിനു മുന്പായി അബുദാബിയിൽ യുക്രെയ്ൻ-അമേരിക്ക-റഷ്യ സാങ്കേതികതല ചർച്ച നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. രാഷ്ട്രനേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ചർച്ച വഴിയൊരുക്കുമെന്നും സെലൻസ്കി പ്രത്യാശിച്ചു.