കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നവർക്കു യാത്രാസംബന്ധമായ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്’മൊബൈൽ ആപ്പ് സജ്ജമാക്കി. മന്ത്രി എൻ. ഷംസുദ്ദീൻ ആപ്പിന്റെ ലോഞ്ചിംഗ് നിർവഹിച്ചു.
മേളയുടെ ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ആപ്പ് വികസിപ്പിച്ചത്. കായികമേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിനു കായികപ്രതിഭകൾക്കും അധ്യാപകർക്കും ഒഫീഷ്യലുകൾക്കും യാത്രാസംബന്ധമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.
വിവിധ ജില്ലകളിൽനിന്നെത്തുന്ന കായികതാരങ്ങൾക്കു താമസസ്ഥലങ്ങളിൽനിന്നു കായികവേദികളിലേക്കുള്ള വാഹനസൗകര്യങ്ങൾ, റൂട്ടുകൾ, വാഹനങ്ങളുടെ കൃത്യമായ സമയവിവരങ്ങൾ, ട്രാഫിക് അപ്ഡേറ്റുകൾ എന്നിവ ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും.