സുൽത്താൻ ബത്തേരി: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ ഓണം വിപണന മേള ബത്തേരി ഗാന്ധി സ്ക്വയറിലെ സൂപ്പർമാർക്കറ്റിൽ പ്രവർത്തനം തുടങ്ങി.
നിലവിൽ വിതരണം ചെയ്യുന്ന സബ്സിഡി ഇനങ്ങൾക്ക് പുറമേ മറ്റു നിത്യോപയോഗ സാധനങ്ങൾ 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഓണം പ്രമാണിച്ച് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ വിഹിതം ഒന്നിച്ചു വാങ്ങാനുള്ള സൗകര്യവും സപ്ലൈകോ ഏർപ്പെടുത്തിയിട്ടുണ്ട്. ഓണ സമ്മാനമായി അരി,വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി ബ്രാൻഡ് മസാലകൾ തുടങ്ങി 21 ഇനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്കും 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങൾ അടങ്ങിയ തിരുവോണക്കിറ്റ് 2000 രൂപയ്ക്കും ലഭിയ്ക്കും. ഓഗസ്റ്റ് 25 വരെ വിപണന മേള നടക്കും.
ആയിരം രൂപയുടെ സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും സമ്മാന കൂപ്പണ്‍ നൽകും. നിയോജകമണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ നറുക്കെടുപ്പുകളിലൂടെ മെഗാ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് സപ്ലൈകൊ ഒരുക്കിയിരിക്കുന്നത്.
മേളയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ആദ്യ വില്പന നിർവഹിച്ചുകൊണ്ട് മുനിസിപ്പൽ ചെയർപേഴ്സണ്‍ റസീന അബ്ദുൾ ഖാദർ നിർവഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
സിഗ്നേച്ചർ കിറ്റ് വിതരണോദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജി. ഇന്ദ്രജിത്ത് നിർവഹിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ ഇ.എസ്. ബെന്നി, മുനിസിപ്പൽ കൗണ്‍സിലർ ബാനു പുളിയ്ക്കൽ, താലൂക്ക് സപ്ലൈ ഓഫിസർ എം.എസ്. അശോക് കുമാർ, ജൂണിയർ മാനേജർ ജോഷി മാത്യു, സൂപ്പർമാർക്കറ്റ് മാനേജർ ജോബി വർഗീസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.