കൊല്ലം: കോര്‍പറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണാരവം' ഓണാഘോഷങ്ങള്‍ക്ക് ആവേശകരമായ തുടക്കം. മലയാളിയുടെ നന്മയും ഐക്യവും ആത്മബോധവും ഉയര്‍ത്തിപ്പിടിക്കുന്ന ആഘോഷമാണ് ഓണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി കെ.എം. ഷാജി പറഞ്ഞു.
മലയാളികള്‍ എല്ലാം മറന്ന് ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നേരും സത്യസന്ധതയും ഉള്‍പ്പെടെയുള്ള മലയാളിയുടെ ജീവിതമൂല്യങ്ങളെ ഓരോ വര്‍ഷവും ഓണം ഓര്‍മിപ്പിക്കുന്നു. ഈ നന്മകള് വരുംതലമുറകളിലേക്കും പകര്ന്നുനല്കാനുള്ള പ്രചോദനമായി ഓണാഘോഷങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.
‘ഓണാരവ'ത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിലും വിവിധ സ്ഥലങ്ങളിലുമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ഓണാഘോഷം അവിസ്മരണീയമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷങ്ങള്‍ക്ക് 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഔപചാരികമായി തുടക്കം കുറിക്കും. 25 മുതല്‍ കൊല്ലം ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ (ഡി ടി പി സി) നേതൃത്വത്തില്‍ വിവിധ പരിപാടികളും നടക്കും. ചടങ്ങില്‍ മേയര്‍ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന് എംപി, വിഷ്ണുമോഹന് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍, വൈ. നൗഷാദ്, ഗോപകുമാര്‍, ഫിന്‍സി ബൈജു, സദക്കത്ത്, ലൈലാകുമാരി, കുരുവിള ജോസഫ്, രാജശ്രീ, സി ബാബു, , ടി.ജി. ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.