ന്യൂഡൽഹി: രാജ്യത്തുടനീളം ലോക്സഭയിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്ന "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ആശയം 2029ഓടെ പ്രാബല്യത്തിൽവരുത്താനുള്ള നീക്കങ്ങളുമായി എൻഡിഎ മുന്നോട്ടെന്നു റിപ്പോർട്ട്.
ഇതിന്റെ ആദ്യപടിയായി എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനുള്ള സാധ്യത പരിശോധിച്ചുവരികയാണ്. 2034ലെ തെരഞ്ഞെടുപ്പുവരെ കാത്തിരിക്കുന്നതിനു പകരം നേരത്തേതന്നെ നടപ്പിൽവരുത്താനാണ് ആലോചന.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയക്രമത്തിന് അനുസൃതമായി മാറ്റുന്നതിനായി ചില സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമസഭകൾ കാലാവധി തികയുന്നതിന് മുന്പ് പിരിച്ചുവിടേണ്ടി വന്നേക്കാം.
ഡൽഹി, ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഈ നിർദേശത്തിനു പിന്തുണ അറിയിച്ചിട്ടുണ്ട്. ദേശീയതാത്പര്യം മുൻനിർത്തി തെരഞ്ഞെടുപ്പു സമയക്രമത്തിൽ മാറ്റം വരുത്താൻ തയാറാണെന്ന് ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലുകൾ പരിശോധിക്കുന്ന പാർലമെന്ററി സമിതി(ജെപിസി) വിവിധ സംസ്ഥാന സർക്കാരുകളുമായും നിയമവിദഗ്ധരുമായും ചർച്ചകൾ നടത്തിവരികയാണ്.
2028 ജൂലൈക്കുള്ളിൽ ബിൽ പാസാക്കുകയാണെങ്കിൽ 2029ൽ തന്നെ ഇതു നടപ്പിലാക്കാൻ സാധിക്കുമെന്ന് ജെപിസി അധ്യക്ഷൻ പി.പി. ചൗധരി വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളുമായി കൂടിക്കാഴ്ച പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ജെപിസി അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയിരുന്നു.
അതേസമയം, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന പ്രമുഖ സന്യാസിമാരുടെയും മഠാധിപതിമാരുടെയും സമ്മേളനം ഈ നീക്കത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ടെന്നും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയതോതിൽ സാമ്പത്തിക ലാഭവും ഭരണസൗകര്യവും ഉണ്ടാക്കുമെന്നും സന്യാസിമാർ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മന്ത്രി മദൻ കൗശിക്, എംഎൽഎമാർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സന്യാസിവര്യന്മാർ വിഷയം ചർച്ച ചെയ്തത്.
1970 വരെ ഇന്ത്യയിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നിരുന്നതെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി ചൂണ്ടിക്കാട്ടി.
പിന്നീട് വിവിധ സാഹചര്യങ്ങളിൽ നിയമസഭകൾ കാലാവധിയെത്തുംമുന്പ് പിരിച്ചുവിട്ടതോടെയാണ് ഈ രീതിക്കു മാറ്റമുണ്ടായത്. നിലവിലെ സാഹചര്യത്തിൽ ഈ പരിഷ്കാരം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് ഉടൻ ചേരുമെന്ന് അഭ്യൂഹം
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞ 13ന് അനിശ്ചിതകാലത്തേക്കു പിരിഞ്ഞെങ്കിലും മൺസൂൺ സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിനെച്ചൊല്ലി (പ്രൊറോഗ് ചെയ്യൽ) ഊഹാപോഹങ്ങൾ ശക്തം. പാർലമെന്റ് ഉടൻ വീണ്ടും ചേർന്നേക്കുമെന്നാണ് ഊഹോപോഹങ്ങൾ.
പാർലമെന്റ് നടപടികൾ അവസാനിപ്പിച്ച് അനിശ്ചിതകാലത്തേക്കു പിരിഞ്ഞശേഷം സമ്മേളനം പൂർത്തിയായി എന്നു വ്യക്തമാക്കിക്കൊണ്ട് രാഷ്ട്രപതി ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയാണു പതിവ്. സമ്മേളനം പൂർത്തിയായി മൂന്നോ നാലോ ദിവസത്തിനുള്ളിൽ വിജ്ഞാപനം വരേണ്ടതാണ്.
എന്നാൽ മൺസൂൺ സമ്മേളനം കഴിഞ്ഞ് പത്തു ദിവസം പിന്നിട്ടിട്ടും സമ്മേളനം പ്രൊറോഗ് ചെയ്തിട്ടില്ല.2029ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി മണ്ഡല പുനർനിർണയം ഉൾപ്പെടെ സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ പാസാക്കുന്നതിനായി സർക്കാരിനു പ്രത്യേക പദ്ധതികളുണ്ടെന്ന അഭ്യൂഹം ഇതോടെ ശക്തമായി.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണം ഒരേപോലെ 50 ശതമാനം വർധിപ്പിക്കാനുള്ള ഫോർമുല സർക്കാർ തയാറാക്കിയതായും സൂചനകളുണ്ട്.
അതേസമയം, സഭ നിർത്തിവച്ച് പത്തു ദിവസം കഴിഞ്ഞിട്ടും പ്രൊറോഗ് ചെയ്യാത്തതിനു പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക നീക്കങ്ങളാണോയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു.