ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലുകൾ പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കില്ല. ബില്ലുമായി ബന്ധപ്പെട്ട രാജ്യവ്യാപക കൂടിയാലോചനകൾ ജെപിസി ഇതുവരെയും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം തേടിയേക്കുമെന്നാണ് വിവരം.
ബിജെപി എംപി പി.പി. ചൗധരിയുടെ നേതൃത്വത്തിലുള്ള 39 അംഗ സമിതിയുടെ കാലാവധി മൺസൂൺ സമ്മേളനത്തിന്റെ അവസാനദിനം വരെ നീട്ടിയിരുന്നു. നിലവിൽ പത്ത് സംസ്ഥാനങ്ങളിൽ മാത്രമാണ് സമിതി കൂടിയാലോചനകൾ നടത്തിയിട്ടുള്ളത്. ഇന്ന് ഡൽഹി നിയമസഭയിലെ ഉദ്യോഗസ്ഥരുമായി സമിതി കൂടിക്കാഴ്ച നടത്തും.
അതേസമയം നിയമനിർമാണ പ്രക്രിയകൾ പൂർത്തിയായാൽ പോലും 2034ന് മുൻപ് രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ലെന്നാണ് ജെപിസി അധ്യക്ഷൻ നൽകുന്ന സൂചന.
Tags : One Nation One Election JPC report