തൃശൂർ: ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ചേറൂരിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകളൊരുക്കി ഫുട്ബോൾ ആരാധകർ. ചേറൂർ പ്രകാശ് മെമ്മോറിയൽ ക്ലബ്ബിന്റെ (പിഎംസി) നേതൃത്വത്തിൽ "വണ്‍ ലാസ്റ്റ് ഡാൻസ്’ എന്ന തലക്കെട്ടുമായാണ് വന്പൻ ബോർഡ് ഉയർന്നിരിക്കുന്നത്.
സാധാരണ ഫ്ലക്സുകളിൽ ഫുട്ബോളിലെ സൂപ്പർതാരങ്ങൾമാത്രം നിറയുന്പോൾ, ഇവിടെ അർജന്റീനയുടെ ഗോട്ട് ലയണൽ മെസിക്കും ബ്രസീലിയൻ പ്രതീക്ഷ നെയ്മറിനുമൊപ്പം ചേറൂരിലെ കട്ട ഫുട്ബോൾ ആരാധകരുടെ ചിത്രങ്ങൾകൂടി ഇടംപിടിച്ചിട്ടുണ്ട്.
മൈതാനത്ത് അർജന്റീനയും ബ്രസീലും കടുത്ത ശത്രുക്കളാണെങ്കിലും ചേറൂരിൽ ഇരുവിഭാഗം ആരാധകരും കൈകോർത്താണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരായ വി.എസ്. ഡേവിഡ്, എ.എം. മനു, ബേസിൽ, സുബീഷ് എന്നിവർ. അതേസമയം, നെയ്മറുടെ ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്നം ഇത്തവണ പൂവണിയുമെന്നും പരിക്ക് വെല്ലുവിളിയായാലും ബ്രസീൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുണ്ടാകുമെന്നുമാണ് ആരാധകരായ ഡി. കാർത്തിക്, വിഷ്ണു എന്നിവരുടെ വിലയിരുത്തൽ.
ഇത്തവണത്തെ ലോകകപ്പ്, സൂപ്പർതാരങ്ങളായ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ അവസാന ലോകകപ്പ് ആകുമെന്ന വിലയിരുത്തലിൽ "വണ്‍ ലാസ്റ്റ് ഡാൻസ്’ ഫ്ലക്സ് ആരാധകരുടെ വികാരംതന്നെയാണു പ്രതിഫലിപ്പിക്കുന്നത്.