ടെക്സസ്: നോർത്ത് ടെക്സസിൽ ബാങ്ക് എടിഎമ്മിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു കോടിയിലധികം രൂപ (128,510 ഡോളറിലധികം) തുക പൊലിസിനെ ഏൽപ്പിച്ച് ബാർബർ. 42 വയസുകാരിയായ ഒരു സ്ത്രീക്കൊപ്പമാണ് 37 വയസുകാരനായ ബാർബർ എടിഎമ്മിന് സമീപമെത്തിയത്. ഈ സമയത്താണ് എടിഎമ്മിന് മുകളിൽ പണം നിറഞ്ഞ ബാഗുകളും 19 ചെക്കുകൾ അടങ്ങിയ ചെറിയൊരു ബാഗും ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്.
വിവരം അറിഞ്ഞ ഇവർ ഉടൻ തന്നെ 911ൽ വിളിച്ച് അറിയിച്ചു. സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർ പണം രണ്ട് തവണ എണ്ണി തിട്ടപ്പെടുത്തിയ ശേഷമാണ് സുരക്ഷിതമായി സൂക്ഷിച്ചത്.
ബാങ്ക് ഓഫ് അമേരിക്കയുടെ കൈവശമുള്ള പണമാണ് ഇതെന്നും, ബാങ്കിന്റെ പണമിടപാടുകൾ കൈകാര്യം ചെയ്യുന്ന ‘ബ്രിങ്ക്സ്’ (Brinks) എന്ന കമ്പനി വഴിയാണ് ഇത് കൊണ്ടുപോയതെന്നും പൊലിസ് സ്ഥിരീകരിച്ചു.
എടിഎമ്മിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന ബ്രിങ്ക്സ് ജീവനക്കാരൻ അബദ്ധത്തിൽ പണം എടിഎമ്മിന് മുകളിൽ വച്ച് മറന്നുപോവുകയായിരുന്നു. തുടർന്ന് ബാങ്ക് ഓഫ് അമേരിക്ക അധികൃതരെത്തി തുക ഏറ്റുവാങ്ങി. ഇത്തരം സന്ദർഭങ്ങളിൽ സമൂഹത്തിന്റെ പിന്തുണ എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നതായി പൊലീസ് ചീഫ് പറഞ്ഞു.