Kerala
കോഴിക്കോട്: കര്‍ഷകസംഘടനകളുടെ ആക്ഷേപത്തിനൊടുവില് ഭേദഗതിയിലൂടെ അംഗങ്ങളുടെ കാലാവധി നീട്ടിക്കൊണ്ടും രണ്ട് അംഗങ്ങളെ പുതുതായി ചേര്‍ത്തും സംസ്ഥാന വന്യജീവി ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞ് 10 മാസത്തിനു ശേഷമാണു നടപടി.
നിലവിലുള്ള അംഗങ്ങളെ നിലനിർത്താന്‍ കേരള വന്യജീവി (സംരക്ഷണ) ചട്ടങ്ങളിലാണു ഭേദഗതി വരുത്തിയത്. ഇതോടെ അട്ടപ്പാടിയില്‍നിന്നുള്ള എം. മുരുകേഷ് ഒരേ സമയം സര്‍ക്കാരിനു കീഴിലുള്ള രണ്ടു ബോര്‍ഡുകളിലെ പ്രതിനിധിയായി മാറി. ഇതു നിയമപരമായി നിലനില്‍ക്കുമോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. വന്യജീവി ബോര്‍ഡ് അംഗമായ മുരുകേഷ് നിലവില്‍ ഭക്ഷ്യകമ്മീഷന് അംഗം കൂടിയാണ്.
വന്യജീവി ബോര്‍ഡ് അംഗങ്ങളുടെ സേവന കാലാവധി നീട്ടിക്കൊണ്ടു ഭേദഗതി വരുത്തിയ കാര്യം അറിയില്ലെന്ന് മുരുകേഷ് ദീപികയോടു പറഞ്ഞു.
ഭേദഗതി പ്രകാരം ഔദ്യോഗിക അംഗങ്ങള്‍ ഒഴികെയുള്ള ബോര്‍ഡ് അംഗങ്ങളുടെ കാലാവധി നാമനിര്‍ദേശം ചെയ്യപ്പെട്ട തീയതി മുതല്‍ മൂന്നു വര്‍ഷമായിരിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയായാലും പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യുന്നതു വരെയോ അല്ലെങ്കില്‍ ചെയര്‍പേഴ്സണ്‍ അംഗീകരിക്കുന്നതുവരെയോ നിലവിലുള്ള അംഗത്തിന് സ്ഥാനത്തു തുടരാം.
ഇതുപ്രകാരം മുരുകേഷ് നിലവില്‍ വന്യജീവി ബോര്‍ഡ് അംഗമാണ്. നേരത്തെയുണ്ടായിരുന്ന ബോര്‍ഡില്‍നിന്ന് പ്രശസ്ത പ്രകൃതി സംരക്ഷകന്‍ പ്രഫ. ശോഭീന്ദ്രന്, ശ്രുതി ഹാരിസ് എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്. ബാക്കിയുള്ള അംഗങ്ങള്‍ പുതിയ ബോര്‍ഡിലും തുടരും. പ്രഫ. ശോഭീന്ദ്രന്റെ നിര്യാണത്തോടെ പകരം കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പി.എ. ജയചന്ദ്രനെയാണ് എന്‍ജിഒകളുടെ പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രുതി ഹാരിസിനു പകരം ഡോ. സുഷമ പ്രഭുവിനെയും ബോര്ഡിലുള്പ്പെടുത്തി.
തൊട്ടുമുമ്പു നിലവിലുണ്ടായിരുന്ന 1978-ലെ ചട്ടപ്രകാരം അംഗങ്ങളുടെ കാലാവധി നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം മാത്രമായിരുന്നു. പുതിയ അംഗങ്ങളെ നിശ്ചയിക്കുന്നതിലെ കാലതാമസം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണു സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ഫെബ്രുവരി നാലിനു രൂപവത്കരിച്ച വന്യജീവി ബോര്‍ഡിന്റെ കാലാവധി 2025 ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു.
എംഎല്‍എമാര്‍, വന്യജീവി വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഇതര സംഘടനകളുടെ (എന്‍ജിഒ) പ്രതിനിധികള്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍, പ്രശസ്തരായ വനപരിപാലകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് വന്യജീവി ബോര്‍ഡിലേക്കു നാമനിര്‍ദേശം ചെയ്യുന്നത്. വന്യജീവി സെക്രട്ടറി, വനം മേധാവി, പട്ടിക ജാതി -പട്ടിക വര്‍ഗ വികസന വകുപ്പ് സെക്രട്ടറി, മൃഗസംരക്ഷണ ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 10 ഔദ്യോഗിക അംഗങ്ങളും ബോര്‍ഡിലുണ്ട്. 31 അംഗങ്ങളുള്ള ബോര്‍ഡില്‍ 18 പേര് നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളാണ്.
District News
നെടുങ്കണ്ടം: ബാലന്‍പിള്ളസിറ്റിയില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് വെട്ടേറ്റു. കണ്ണൂര്‍ സ്വദേശി പന്തിരുവേലില്‍ സന്ദീപിനാണ് (35) വെട്ടേറ്റത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് കൊല്ലം സ്വദേശി വൈശാഖിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു.
വെല്‍ഡിംഗ് ജോലികളുമായി ബന്ധപ്പെട്ട് ഇരുവരും തൂക്കുപാലത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ ശന്പളവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി പത്തരയോടെ സന്ദീപിനെ വൈശാഖ് മര്‍ദിക്കുകയും വെട്ടുകയുമായിരുന്നു. വയറിനും കഴുത്തിനും വെട്ടേറ്റ ഇയാള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതിയെ നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായതെന്ന് സൂചന.
പിടിയിലായ ആളെ ഉന്നത ഉദ്യേഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ഇരുട്ടില്‍ പതിയിരുന്ന് ആക്രമിച്ചത് മൂന്നംഗ സംഘമെന്നാണ് കണ്ടെത്തല്‍.
അതേസമയം, തന്നെ കൊല്ലാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണ് നടന്നതെന്ന് രാഗം സുനിൽ നേരത്തെ പറഞ്ഞിരുന്നു. ആക്രമിച്ചതിനു പിന്നിൽ കൊട്ടേഷൻ സംഘമാണ്. കാറിന്റെ ഗ്ലാസ് തകർത്ത ശേഷം കത്തി ഉപയോഗിച്ച് തന്നെ കുത്താൻ ശ്രമിച്ചു. കൈവച്ച് തടഞ്ഞതിനാൽ ആണ് കഴുത്തിൽ കുത്ത് കിട്ടാതിരുന്നത്.
ഗ്യാസ് നിറച്ച തീ പടരുന്ന സ്പ്രേ ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം ഉണ്ടായി. സ്പ്രയിൽ നിന്ന് സ്പാർക്ക് വരാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്. സ്പ്രേ ബോട്ടിൽ ചവിട്ടിത്തെറിപ്പിക്കുന്നതിനിടയിലാണ് കാലിൽ വെട്ടിയതെന്നും സുനിൽ വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂര്‍ വെളപ്പായയില്‍ സുനിലിന്റെ വീടിന് മുന്നില്‍ വച്ചാണ് സംഭവം. സുനിൽ വീടിനു മുന്പില് വച്ച് കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കുന്നതിനിടെയാണ് ഇരുട്ടില്‍ പതിയിരുന്ന മൂന്നംഗ സംഘം വാള് ഉപയോഗിച്ച് ഇരുവരെയും വെട്ടിയത്. സുനിലിന്റെ കാലിനും ഡ്രൈവറുടെ കൈയ്ക്കുമാണ് വെട്ടിയത്.
പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും, പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ഇരുവരെയും വെട്ടിയശേഷം അക്രമിസംഘം ഓടിരക്ഷപ്പെട്ടു. സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തീയറ്റര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയാണ്.