കോട്ടയം: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റൺസിന്‍റെ കണക്കിൽ സമാനതകളില്ലാത്ത പല തോൽവികളും ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. എതിരാളികളുടെ കൂറ്റൻ സ്കോറിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ തകർന്നടിഞ്ഞ പ്രമുഖ ടീമുകളുടെ കണക്കുകൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചവയാണ്.
ഏകദിന ക്രിക്കറ്റിലെ വലിയ അഞ്ച് പരാജയങ്ങൾ:-
1. ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് (342 റൺസ് വിജയം)
ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമാണ്. 2025 സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരെ 342 റൺസിന്റെ കൂറ്റൻ തോൽവിയാണ് ദക്ഷിണാഫ്രിക്ക നേരിട്ടത്. ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ തോൽവിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസെന്ന പർവ്വതം പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വെറും 72 റൺസിന് പുറത്താവുകയായിരുന്നു.
2. ഇന്ത്യ - ശ്രീലങ്ക (317 റൺസ് വിജയം)
പട്ടികയിൽ രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണുള്ളത്. 2023ൽ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയോട് 317 റൺസിന്‍റെ ദയനീയ പരാജയമാണ് ലങ്ക ഏറ്റുവാങ്ങിയത്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എടുത്തപ്പോൾ, വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക വെറും 73 റൺസിന് ഓൾഔട്ടായി കളം വിട്ടു.
3. ഓസ്ട്രേലിയ - നെതർലൻഡ്സ് (309 റൺസ് വിജയം)
മൂന്നാം സ്ഥാനത്ത് നെതർലൻഡ്സ് ആണ്. 2023ലെ ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെയാണ് ഡച്ച് പട കനത്ത പരാജയം നുകർന്നത്. 309 റൺസിന്‍റെ കൂറ്റൻ തോൽവിയാണ് നെതർലൻഡ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 399 റൺസ് അടിച്ചുകൂട്ടിയപ്പോൾ, മറുപടിയിൽ നെതർലൻഡ്സ് 90 റൺസിന് എല്ലാവരും പുറത്തായി.
4. സിംബാബ്‌വെ - അമേരിക്ക (304 റൺസ് വിജയം)
പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. സിംബാബ്‌വെയ്ക്കെതിരെയായിരുന്നു അമേരിക്കയുടെ പരാജയം. 304 റണ്‍സിനാണ് അമേരിക്ക തോറ്റത്. 2023ൽ സിംബാബ്‌വെയിൽ നടന്ന മത്സരത്തിൽ ആതിഥേയർ 408 റണ്‍സ് നേടിയപ്പോൾ, അമേരിക്കയ്ക്ക് 104 റണ്‍സ് കണ്ടെത്താനേ കഴിഞ്ഞുള്ളൂ.
5. ഇന്ത്യ - ശ്രീലങ്ക (302 റൺസ് വിജയം)
ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക തന്നെയാണ് ഉള്ളത്. 2023ൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വീണ്ടും ഇന്ത്യയോട് വലിയൊരു തോൽവി ലങ്കൻ ടീം ഏറ്റുവാങ്ങി. ഇത്തവണ 302 റൺസിനായിരുന്നു പരാജയം. ഇന്ത്യ 357 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിൽ തകർന്നടിഞ്ഞ ലങ്ക വെറും 55 റൺസിന് കൂടാരം കയറി.
26 വർഷത്തിനിടെ ആദ്യം
2027 ഏകദിന ലോകകപ്പ് പടിവാതിൽക്കൽ നിൽക്കേ ഇന്ത്യ നേരിട്ടത് സമീപകാലത്തെ ഏറ്റവും വലിയ നാണംകെട്ട തോൽവി. 2000ന് ശേഷം ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ സ്കോറിനാണ് ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യ വീണത്. 2000 ഒക്ടോബറിൽ ഷാർജയിൽ ശ്രീലങ്കയ്ക്കെതിരേ 54 റണ്‍സിനും, 2010ൽ ദാംബുള്ളയിൽ ന്യൂസിലൻഡിനെതിരേ 88 റണ്‍സിനും പുറത്തായതാണ് മുന്‍പുള്ള മോശം പ്രകടനങ്ങൾ.
ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ആറാമത്തെ സ്കോർ കൂടിയാണിത്. റണ്‍സ് അടിസ്ഥാനത്തിൽ ഇന്ത്യ നേരിടുന്ന രണ്ടാമത്തെ വലിയ തോൽവിയാണിത് (244 റണ്‍സ്). 200-ൽ ഷാർജയിൽ ശ്രീലങ്കയോട് 245 റണ്‍സിന് തോറ്റതാണ് ഒന്നാമത്.