മൂവാറ്റുപുഴ: വിപണിയില്‍ ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും വില കുത്തനെ ഉയരുന്നു. ഒരാഴ്ച മുന്‍പ് കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് നിലവില്‍ 150 രൂപയ്ക്ക് മുകളിലാണ് ചില്ലറവില. വെളുത്തുള്ളി വില 260 രൂപയിലേക്കും കുതിച്ചുയര്‍ന്നു. സവാള വില കിലോയ്ക്ക് 60 രൂപയില്‍ തുടരുന്നത് മാത്രമാണ് വിപണിയിലെ ഏക ആശ്വാസം.
തമിഴ്നാട്ടില്‍ നിന്നുള്ള പുതിയ ഉള്ളിയുടെ വരവ് കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. പൊള്ളാച്ചി മാര്‍ക്കറ്റിലേക്ക് പ്രധാനമായും ഉള്ളി എത്തുന്ന അവിനാശിപാളയം, പാലന്തുറൈ, ആനമലൈ, വരപ്പട്ടി മേഖലകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് വൈകുന്നു. അതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വിളവെടുത്ത ചെറിയ ഉള്ളി വിപണിയില്‍ സജീവമാകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതോടെ നിലവിലെ വിലക്കയറ്റത്തിന് അറുതിയാകുമെന്നും കിലോയ്ക്ക് 80 രൂപ നിരക്കിലേക്ക് വില താഴുമെന്നുമാണ് വ്യാപാര മേഖലയുടെ പ്രതീക്ഷ.