പൊടിയം: ഇന്ന് അത്തം. ഓണത്തിന് ഇനി പത്തു നാൾ മാത്രം. ഓണപ്പൊലിമയ്ക്കിടെ ഒരു സംസ്കാരം പേറുന്ന ഊരുകൂട്ടങ്ങൾക്ക് ഇനിയും സങ്കടം മാത്രം ബാക്കി.
ഗൃഹാതുരതയോടെയാണു കാട്ടിലെ അരയൻമാരായ കാണിക്കാർ ഇത്തവയും ആഘോഷത്തിനിറങ്ങുന്നത്. അഗസ്ത്യ മലനിരകളിലെ കാണിക്കാർക്ക് തിരുവോണം എപ്പോഴും സമൃദ്ധിയുടെ പൊൻകതിരുകളാണു സമ്മാനിച്ചിരുന്നത്. എന്നാൽ ഇപ്പോഴാകട്ടെ പട്ടിണിയും പരിവട്ടവും മാത്രം സ്വന്തം. നാട്ടിൽ പ്രദേശ ത്തുനിന്നും 25 കിലോമീറ്റർ അകലെ, പ്ലാത്ത് ആദിവാസിഊരിലെ മൂപ്പനായ മാതൻ കാണി തന്റെ പരിദേവനങ്ങൾ പങ്കുവയ്ക്കുമ്പോൾ പഴയ സ് മരണകൾക്ക് തിരുവോണ വെയിലിന്റെ തിളക്കം.
നാടുവാഴുന്ന അരചന് (രാജാവ്) ഓണനാളിൽ കാർഷിക, വനവിഭവങ്ങൾ കാഴ്ചവയ്ക്കുക പതിവായിരുന്നു. സ്വാതി തിരുനാളിന്റെ കാലം മുതൽക്കേ ഓണക്കാഴ്ച നൽകുന്ന പതിവ് കാണിക്കാർക്ക് ഉണ്ടായിരുന്നു. മുൻപ് തമിഴ്നാട്ടിലെ തക്കല പത്മനാഭപുരം കൊട്ടാരത്തിലാണ് കാണിക്കാർ രാജാവിന് ഓണക്കാഴ്ച നൽകിയിരുന്നത്. പിന്നെ രാജാവിന്റെ വേനൽക്കാല വസതിയായ പൊൻമുടി കൊട്ടാരത്തിലേക്കു ചടങ്ങുകൾ മാറ്റി. ഇപ്പോൾ കൈയിൽ ഒന്നുമില്ല-മാതൻ പറയുന്നു.
ഒരുകാലത്ത് കരനെൽകൃ ഷി വ്യാപകമായിരുന്നു. അതിന്റെ ചോറും അവിലും പട്ടിണി മാറ്റിയിരുന്നു. കരനെൽകൃഷി ഇപ്പോഴില്ല, വനവിഭവങ്ങൾ കിട്ടാനുമില്ല. കാട്ടിലെ കൃഷികളായ ചേന, ചേമ്പ്, കാച്ചിൽ, കദളിപ്പഴം, കാരപ്പഴം എന്നിവ വിളവെടുത്തു നാട്ടിൽ കൊണ്ടുവന്നു വിറ്റു സാധനങ്ങൾ വാങ്ങുന്ന പതിവ് ഇപ്പോഴില്ല. കാട്ടിലെ കൃഷികൾ പലതും അന്യംനിന്നു. മഴയും കാട്ടുമൃഗങ്ങളുടെ ശല്യവുംതന്നെ കാരണം.
കാർഷിക വിഭവങ്ങൾ ഇല്ലാതെയായതോടെ ഓണം കൂടണമെങ്കിൽ പുറംനാടിനെ ആശ്രയിക്കണമെന്ന സ്ഥിതി വന്നു. അതുകൊണ്ടുതന്നെ ഓണസദ്യ ഇപ്പോഴില്ല. സർക്കാ രിൽനിന്ന് റേഷൻ ധാന്യങ്ങൾ ലഭിക്കുന്നതാണിപ്പോഴുള്ള ഏക പ്രതീക്ഷ. പണ്ട് ഊഞ്ഞാലാട്ടവും കാട്ടുപൂക്കൾ കൊണ്ടുള്ള അത്തപൂക്കളവും ഓണവിരുന്നും ഉണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ വെറും ചടങ്ങിലൊതുങ്ങി.
എന്നാൽ തങ്ങളുടെ പരമ്പരാഗതമായ ചാറ്റുപാട്ട് നടത്താനുള്ള ആലോചനയിലാണ് കാണിസമൂഹം. എല്ലാ ഓണത്തിനും കാട്ടിലെ തൈവത്തിന് (ദൈവം) മുന്നിൽ ചാറ്റുപാട്ട് നടത്തും. അതു നടത്തിയില്ലെങ്കിൽ കാട്ടുദൈവം തങ്ങളെ കൈവിടുമെന്ന ഭീതിയാണ് ഇവർക്കുള്ളത്. ചാറ്റുപാട്ട് നടത്താൻ ഇരുമ്പിൽ ഉണ്ടാക്കിയ കൊക്കര എന്ന ഉപകരണവും കാട്ടുപഴങ്ങൾ കൊണ്ടു പടുക്കയും നൽകാനുള്ള തിടുക്കത്തിലാണിവർ.