ഇരിങ്ങാലക്കുട: തൃശൂര്‍ റൂറല്‍ പൊലിസ് ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലായി നടത്തിയ ഓപ്പറേഷന് സൈ ഹണ്ടില്‍ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 13 പേര് പിടിയിലായി. 11 പേരെ ജില്ലയിലെ വിവിധ കോടതികളില്‍ ഹാജരാക്കും.
സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ പിടികൂടാനുള്ള പദ്ധതിയാണ് ഓപ്പറേഷന് സൈ ഹണ്ട്.
സൈബര്‍ മാഫിയാ സംഘങ്ങള്‍ സാധാരണക്കാരെയും സ്ത്രീകളെയും സമീപിച്ച് ചെറിയ തുക കമ്മീഷന് വാഗ്ദാനം ചെയ്ത് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നിര്‍ദേശപ്രകാരമാണ് റെയ്ഡുകള്‍ നടത്തിയത്.