തൊടുപുഴ: ഡ്രഗ്സ് കണ്ട്രോള് വിഭാഗവും ഡ്രഗ്സ് കണ്ട്രോള് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തുന്ന ഓപ്പറേഷന് സൗന്ദര്യ ഫേസ്-5 ന്റെ ഭാഗമായി കോസ്മെറ്റിക് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ദി പെര്‍ഫ്യൂം ഷോപ്പ് എന്ന പെര്‍ഫ്യൂം- കോസ്മെറ്റിക് സ്ഥാപനത്തില്‍നിന്നു നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 16,500 രൂപയുടെ വിവിധ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
കോസ്മെറ്റിക്ക് റൂള്‍സ് പ്രകാരം ലേബലില്‍ രേഖപ്പെടുത്തേണ്ട നിര്‍മാതാവിന്റെ പേര്, വിലാസം, നിര്‍മാണ ലൈസന്‍സ് നമ്പര്‍, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, കാലാവധി എന്നിവ രേഖപ്പെടുത്താത്തതും ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളില്‍ ഇംപോര്‍ട്ട് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ രേഖപ്പെത്താത്തതും ഹെയര്‍ ഡൈയുടെ ലേബലില്‍ മുന്നറിയിപ്പുകള്‍ രേഖപ്പെടുത്താത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കളാണ് പിടിച്ചെടുത്തത്.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഡോ. അജു ജോസഫ് കുര്യന്റെ നിര്‍ദേശപ്രകാരം ഇടുക്കി ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ജോസഫ്, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ കെ.ആര്. നവീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.