തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെ പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്. പദ്ധതിയുടെ ഭാഗമായി 300 ഗുണ്ടകളുടെ പട്ടികയാണ് പോലീസ് ആദ്യഘട്ടത്തിൽ തയാറാക്കിയത്. ഗുണ്ടകളുടെ സ്പോൺസർമാരെ കുറിച്ചും ഇന്റലിജൻസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
ജാമ്യം തേടി പുറത്തിറങ്ങിയ ശേഷം ഗുണ്ടാപ്രവർത്തനം ചെയ്യുന്നവരുടെ ജാമ്യം നിഷേധിക്കാൻ പോലീസ് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ മറവിൽ കൊച്ചിയിൽ നടന്ന ഗുണ്ടകളുടെ സംഗമത്തെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപക ഗുണ്ടാവേട്ട ആണ് ഓപ്പറേഷൻ ഗ്രിപ്പിലൂടെ കേരള പോലീസ് പദ്ധതിയിടുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ. ഗുണ്ടാ ബന്ധമുള്ളവർ, കാപ്പാ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയവർ, റൗഡി ലിസ്റ്റിൽ ഉൾപെട്ടവർ എന്നിവരുടെ സ്ഥാപനങ്ങളും വീടുകളും ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.