National
ന്യൂഡൽഹി: ഫോണുകളുടെ ലൊക്കേഷൻ നിരീക്ഷിക്കാൻ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് മൊബൈലുകളിൽ പ്രവർത്തനക്ഷമമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ സ്മാർട്ട്ഫോണ് കന്പനികൾ എതിർപ്പറിയിച്ചെന്നു റിപ്പോർട്ട്.
കുറ്റകൃത്യങ്ങളിലെ അന്വേഷണങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികൾക്കു കൃത്യമായ ലൊക്കേഷൻ ലഭിക്കാത്ത സാഹചര്യത്തിലാണ് ഫോണുകളുടെ ലൊക്കേഷൻ കണ്ടെത്താൻ ഉപഗ്രഹ ലൊക്കേഷൻ ട്രാക്കിംഗ് സാധ്യമാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. എന്നാൽ ആപ്പിൾ, സാംസംഗ്, ഗൂഗിൾ എന്നീ കന്പനികൾ സ്വകാര്യതാ ആശങ്കകൾ ചൂണ്ടിക്കാട്ടി നീക്കത്തെ എതിർത്തുവെന്നാണു റിപ്പോർട്ട്.
നിലവിൽ മൊബൈൽ ടവറുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിച്ച് ലൊക്കേഷൻ വിവരങ്ങൾ കൈമാറാനാണു മൊബെൽ കന്പനികൾക്കു കഴിയുക. മൊബൈലുകളുടെ ഏകദേശ ലൊക്കേഷൻ മാത്രമാണ് ഇതിലൂടെ ട്രാക്ക് ചെയ്യാനാകുക. ഫോണ് ഉടമയുടെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാൻ കഴിയണമെങ്കിൽ ഉപഗ്രഹ സിഗ്നലുകളും സെല്ലുലർ ഡാറ്റയും ഉപയോഗിച്ചുള്ള ജിപിഎസ് സാങ്കേതികവിദ്യ മൊബൈലുകളിൽ പ്രവർത്തനക്ഷമമാക്കാൻ സ്മാർട്ട് ഫോണ് കന്പനികളോട് സർക്കാർ ഉത്തരവിടണമെന്ന് റിലയൻസ് ജിയോയെയും ഭാരതി എയർടെല്ലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതോടെയാണു ടെലികോം വ്യവസായികളുടെ നിർദേശം കേന്ദ്രം പരിഗണിച്ചുകൊണ്ടിരിക്കുന്നത്.
ലൊക്കേഷൻ സേവനങ്ങൾ ഏതുനേരവും ഓൺ ആയിരിക്കുകയും ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത രീതിയിലുമായിരിക്കും പുതിയ സംവിധാനം. ഉപകരണതലത്തിൽ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്ന സംവിധാനം ലോകത്ത് എവിടെയുമില്ലെന്ന് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന സംഘടനയായ ഇന്ത്യ സെല്ലുലർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) നീക്കത്തെ എതിർത്തുകൊണ്ട് സർക്കാരിനു കത്തയച്ചിട്ടുണ്ടെന്ന് വാർത്ത പുറത്തുകൊണ്ടുവന്ന ഏജൻസി റിപ്പോർട്ട് ചെയ്തു.