ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുളള തർക്കത്തിൽ സിപിഐക്ക് ഒരു വാശിയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദവികളെക്കാൾ തങ്ങൾക്ക് വലുത് ഇടതുപക്ഷ ഐക്യമാണെന്ന് സിപിഐക്ക് കൃത്യമായ ബോധ്യമുണ്ട്. ആ ഐക്യത്തിന്റെ ഏറ്റവും വലിയ മാതൃകയായി കേരളത്തിലെ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
സിപിഎമ്മുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനാണ് സിപിഐ ആഗ്രഹിക്കുന്നത്. തങ്ങളുടെ എല്ലാക്കാലത്തെയും വലിയ സഖ്യശക്തി സിപിഎം തന്നെയാണ്. എന്നാൽ, മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ വോട്ടെടുപ്പിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. പരസ്പരം സംസാരിച്ച് പരിഹാരം കാണുന്നതിന് പകരം, ആളെക്കൂട്ടി വോട്ട് ചെയ്യിക്കാൻ നോക്കുന്നത് എൽഡിഎഫിന്റെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങളിൽ ചർച്ചകളും സംഭാഷണങ്ങളുമാണ് യഥാർഥ പരിഹാരം. മുന്നണിയിൽ സ്വന്തം നിലപാട് വ്യക്തമാക്കുന്ന പാർട്ടികളെ സിപിഐ ഒരിക്കലും ശത്രുവായി കാണില്ല. ചർച്ചകൾക്കായി സിപിഐയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ തുടർചർച്ചകൾ ഉണ്ടാകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.