ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരേ സമരം ചെയ്ത വിദ്യാർഥികൾക്കുനേരേ പോലീസ് നടത്തിയ അതിക്രമത്തിലും സർക്കാരിന്റെ വീഴ്ചകളിലും പാർലമെന്റിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്, കോൺഗ്രസ് വിപ്പ് മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.