ചാലക്കുടി: കഴിഞ്ഞ 10 വർഷമായി നിർമാണം പൂർത്തീകരിക്കാനാവാതെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക മന്ദിരം നശിക്കുന്നു.
പനമ്പിള്ളി ജന്മശതാബ്ദി ഫൗണ്ടേഷനാണ് മുൻ തിരു - കൊച്ചി മുഖ്യമന്തിയും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ചാലക്കുടിക്കാരനായ പനമ്പിള്ളിയുടെ സ്മാരകനിർമാണം ആരംഭിച്ചത്. ദേശീയപാതയ്ക്കരികിൽ സൗത്ത് ജംഗ്ഷനു സമീപം സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്താണ് കെട്ടിടനിർമാണം ആരംഭിച്ചത്. രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ മുമ്പ് അനാഛാദനംചെയ്ത പ്രതിമ ഇവിടെ സ്ഥാപിക്കുകയുംചെയ്തു. എന്നാൽ കെട്ടിടനിർമാണം പൂർത്തീകരിക്കാൻകഴിഞ്ഞില്ല.
കെട്ടിട നിർമാണത്തിനെതിരേ ചിലർ പരാതിയുമായി വന്നതോടെയാണ് നിർമാണം നിലച്ചത്. കെട്ടിട നിർമാണം പൂർത്തികരിച്ചുവെങ്കിലും പരാതിയുള്ളതിനാൽ നഗരസഭ കെട്ടിട നമ്പർ നൽകിയില്ല.
ഇപ്പോൾ കെട്ടിടം നാശത്തിന്റെ വക്കിലാണ്. കെട്ടിടമുറികളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിച്ചു. ജന്മശതാബ്ദി ഫൗണ്ടേഷന്റെ പ്രവർത്തനവും നിർജീവമാണ്.
പനമ്പിള്ളി ജന്മദിനത്തിലും ചരമദിനത്തിലും പനമ്പിള്ളി പ്രതിമയ്ക്ക് മുന്നിൽ അനുസ്മരണംനടത്തുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന ബജറ്റിൽ പനമ്പിള്ളി സ്മാരകത്തിന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് മറ്റൊരു പദ്ധതിയാണ്.