വ്യാജ ജനാധിപത്യത്തിന്റെ മുഖംമൂടി അഴിച്ചുവച്ച് പൂർണമായ ഏകാധിപത്യത്തിലേക്ക് കടന്നിരിക്കുകയാണ് മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയും. 20 വർഷമായി പൗരസ്വാതന്ത്ര്യങ്ങളെല്ലാം നിഷേധിച്ചും എതിർസ്വരങ്ങളെ അടിച്ചമർത്തിയും ഏകാധിപത്യഭരണം തുടരുന്ന 80കാരനായ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ രാജ്യത്ത് ഇനി തെരഞ്ഞെടുപ്പ് നടത്തില്ലെന്നും പ്രതിപക്ഷ സർക്കാർ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരിക്കുന്നു. കാർഷിക വൈവിധ്യത്താലും സ്വർണമടക്കമുള്ള ധാതുസന്പത്തുക്കളാലും ചരിത്രപ്രാധാന്യത്താലും ശ്രദ്ധേയമായ ഈ സുന്ദരരാജ്യത്തെ, ഏകാധിപത്യ ഭരണം അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഒർട്ടേഗയുടെ ഭരണത്തിനു കീഴിൽ പ്രതിപക്ഷത്തെയും അന്താരാഷ്ട്ര സംഘടനകളെയും അടിച്ചമർത്തിയത് വിദേശ നിക്ഷേപങ്ങൾ കുറയുന്നതിനും അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധങ്ങൾക്കും കാരണമായി. ഇത് തൊഴിലവസരങ്ങളെയും സാമ്പത്തികവളർച്ചയെയും തകർത്തു. കാർഷികവിഭവങ്ങളുടെ കയറ്റുമതിയും സ്വർണനിക്ഷേപവുമെല്ലാം രാജ്യത്തെ സുസ്ഥിതിയിലേക്കു നയിക്കാൻ പര്യാപ്തമാണെങ്കിലും ഏകാധിപത്യഭരണം എല്ലാം തകിടം മറിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും പട്ടിണിയും സഹിക്കാനാകാതെ ആയിരങ്ങളാണ് അയൽരാജ്യമായ കോസ്റ്റാറിക്കയിലേക്കും അമേരിക്കയിലേക്കുമൊക്കെ പലായനം ചെയ്യുന്നത്. വർധിച്ചുവരുന്ന ദാരിദ്ര്യം കാരണം കുട്ടികളിൽ കടുത്ത പോഷകാഹാരക്കുറവും വളർച്ചക്കുറവും കണ്ടുവരുന്നു. വിദേശസഹായ ഏജൻസികളെയും സന്നദ്ധസംഘടനകളെയുമൊക്കെ ഭരണകൂടം നിരോധിച്ചത് ഗ്രാമീണ മേഖലകളിൽ ആശ്വാസമെത്തിക്കുന്നതിനും തടസമാകുന്നുണ്ട്.
ഒർട്ടേഗയുടെ പ്രഖ്യാപനം
1979ലെ സാന്റിനിസ്റ്റ വിപ്ലവത്തിന്റെ (അനസ്താസിയോ സോമോസ ഗാർസിയയുടെ ക്രൂരമായ ഏകാധിപത്യത്തെ പുറത്താക്കാൻ നടത്തിയ വിപ്ലവം) 47-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് കഴിഞ്ഞ 19ന് തലസ്ഥാനമായ മനാഗ്വയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് രാജ്യത്ത് ഇനി തെരഞ്ഞെടുപ്പു നടത്തില്ലെന്ന് ഡാനിയൽ ഒർട്ടേഗ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് മരവിപ്പിക്കാൻ 21ന് പാർലമെന്റ് കർമപദ്ധതിയും പ്രഖ്യാപിച്ചുകഴിഞ്ഞു. സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും ദാരിദ്ര്യനിർമാർജന നേട്ടങ്ങളുടെ തുടർച്ചയ്ക്കുമായി പ്രസിഡന്റിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ പഠനങ്ങൾ നടത്താനും കർമപദ്ധതി തയാറാക്കാനും ആരംഭിക്കുകയാണെന്ന് ഒർട്ടേഗയുടെ നിയന്ത്രണത്തിലുള്ള നാഷണൽ അസംബ്ലി പ്രസ്താവനയിൽ വ്യക്തമാക്കി. നാഷണൽ അസംബ്ലിയുടെ പ്രഖ്യാപനം വന്നെങ്കിലും അടുത്ത വർഷം നടക്കേണ്ട തെരഞ്ഞെടുപ്പ് പൂർണമായും ഉപേക്ഷിക്കുമോ അതോ ഒർട്ടേഗ എതിരില്ലാതെ മത്സരിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
എതിർപ്പുമായി യുഎന്നും യുഎസും
ഒർട്ടേഗയുടെ പ്രഖ്യാപനത്തിനു പിന്നാലെ നിക്കരാഗ്വയെ ഒറ്റപ്പെടുത്താൻ രാജ്യാന്തരസമൂഹം തയാറാകണമെന്ന അഭ്യർഥനയുമായി അമേരിക്കയും ഐക്യരാഷ്ട്രസഭയും രംഗത്തുവന്നിട്ടുണ്ട്. ഒർട്ടേഗയുടെ പ്രഖ്യാപനം ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവം വെളിപ്പെടുത്തുന്നതാണെന്നും ജനാധിപത്യതത്വങ്ങൾ നിരസിക്കുന്ന ഒരു രാജ്യവുമായി സാധാരണ നിലയിലുള്ള ബന്ധം തുടരാനാകില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഭരണകൂടത്തെ ‘മുറില്ലോ-ഓർട്ടേഗ ഏകാധിപത്യം’ എന്നു വിശേഷിപ്പിച്ച റൂബിയോ, ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ സ്വന്തം നേതാക്കളെ തെരഞ്ഞെടുക്കാൻ നിക്കരാഗ്വയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഈ ഭരണകൂടത്തിനെതിരേ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും അഭ്യർഥിച്ചു.
പൗരാവകാശങ്ങൾ പുനഃസ്ഥാപിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് നിക്കരാഗ്വൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്കു വിധേയമായി എല്ലാ രാഷ്ട്രീയ നിലപാടുകളിലുമുള്ള ആളുകൾക്കും വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അനുവാദം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകാധിപത്യ ഭരണത്തിന്റെ പേരിൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് കൂട്ടുനിന്ന നൂറിലധികം ഉദ്യോഗസ്ഥർക്ക് അമേരിക്ക വീസ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എങ്കിലും ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ ബന്ധം ഉപയോഗിച്ച് ഉപരോധങ്ങളെ പ്രതിരോധിക്കാനാണ് ഒർട്ടേഗയുടെ ശ്രമം.
അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും
2018ൽ ഭരണകൂടത്തിനെതിരേ ഉയർന്ന ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായാണ് ഒർട്ടേഗ നേരിട്ടത്. ആ വർഷം സാമൂഹിക സുരക്ഷാ പെൻഷനുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ രാജ്യത്തുടനീളം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ, സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് ക്രൂരമായാണ് ഭരണകൂടം ഇതിനെ നേരിട്ടത്. മുന്നൂറിലധികം ആളുകൾ മരിച്ചു. നൂറുകണക്കിന് പ്രതിപക്ഷ നേതാക്കൾ ജയിലിലായി.
ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ടനുസരിച്ച് നിക്കരാഗ്വയിൽ നടക്കുന്നത് ആസൂത്രിതമായ മാനവികതാവിരുദ്ധ കുറ്റകൃത്യങ്ങളാണ്.
2018നു ശേഷം 5,651 സന്നദ്ധ സംഘടനകളെയും 41 സർവകലാശാലകളെയും ഭരണകൂടം അടച്ചുപൂട്ടുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. 492 പേരുടെ പൗരത്വം ഭരണകൂടം റദ്ദാക്കി. സ്വതന്ത്ര മാധ്യമങ്ങൾ അടച്ചുപൂട്ടുകയും 307 മാധ്യമപ്രവർത്തകരെയും നിരവധി മതനേതാക്കളെയും നാടുകടത്തുകയും ചെയ്തു. നാടുകടത്തലിലൂടെയും സ്വത്തുവകകൾ പിടിച്ചെടുത്തതിലൂടെയും ഏകദേശം 25 കോടി ഡോളറിലധികം വിലമതിക്കുന്ന സ്വത്തുക്കളാണ് ഭരണകൂടം കൈക്കലാക്കിയത്. സമാന്തര നീതിന്യായ വ്യവസ്ഥയെ എതിർക്കാതിരിക്കാൻ നൂറുകണക്കിന് അഭിഭാഷകരുടെ ലൈസൻസുകൾ അടുത്തിടെ റദ്ദാക്കി.
പലായനം ചെയ്തത് എട്ടു ലക്ഷത്തിലധികം പേർ
സ്വേച്ഛാധിപത്യ ഭരണത്തിനു കീഴിൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും നഷ്ടപ്പെട്ടതിനെത്തുടർന്ന് നിക്കരാഗ്വയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വലിയൊരു ജനകീയ പലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 2018 ഏപ്രിൽ മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ എട്ടു ലക്ഷത്തിലധികം പൗരന്മാർ രാജ്യത്തുനിന്ന് പലായനം ചെയ്തതായാണു റിപ്പോർട്ട്. ഇത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 11.6 ശതമാനത്തോളമാണ്. വൻതോതിലുള്ള ജനങ്ങളുടെ പലായനം മധ്യ അമേരിക്കയിൽ വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നു.