ഓസ്ലോ: നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലെ അമേരിക്കൻ എംബസിക്ക് നേരെ സ്ഫോടനം. ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എംബസി കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് "ചെറിയ നാശനഷ്ടങ്ങൾ" മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഓസ്ലോ പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലം പരിശോധിച്ചു വരികയാണ്. നായ്ക്കൾ, ഡ്രോണുകൾ, ഹെലികോപ്റ്ററുകൾ എന്നിവയും ബോംബ് സ്ക്വാഡും ഉൾപ്പെടെ തെരച്ചിലിൽ പങ്കാളികളാണ്. അന്വേഷണത്തിന്റെ ഭാഗമായി എംബസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും പോലീസ് വ്യക്തമാക്കി. കെട്ടിടത്തിന് ചുറ്റുമുള്ള പ്രദേശം താമസക്കാർക്കും വഴിയാത്രക്കാർക്കും സുരക്ഷിതമാക്കിയതായും പോലീസ് പറഞ്ഞു.