ഒറ്റപ്പാലം: വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനൊടുവിലും ഒറ്റപ്പാലം സ്റ്റേഡിയം പദ്ധതിയിലെ അനിശ്ചിതത്വം നീങ്ങിയില്ല. 2013ൽ ഉയർന്ന ആശ
യം, 2021- 22 ബജറ്റിൽ 10 കോടിരൂപ അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നിർമാണോദ്ഘാടനവും നടത്തി.
എന്നിട്ടും താലൂക്കാസ്ഥാനമായ ഒറ്റപ്പാലത്ത് ഭിന്നശേഷിസൗഹൃദ സ്റ്റേഡിയം എന്ന സ്വപ്നം അനിശ്ചിതത്വത്തിലാണ്. കണ്ണിയംമ്പുറം സർക്കാർ ബധിരസ്കൂൾ അധികൃതർ ഹൈക്കോടതിയെ സമീപിച്ചതാണ് പദ്ധതിക്ക് തിരിച്ചടിയായത്.
ഇൻഡോർ സ്റ്റേഡിയം വരുന്നതോടെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം നഷ്ടപ്പെടുമെന്നായിരുന്നു സ്കൂളിന്റെ പരാതി.
കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ആദ്യം കണ്ടെത്തിയശേഷം മാത്രം നിർമാണം തുടങ്ങിയാൽ മതിയെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ഇതോടെ പുതിയ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയിലാണ് അധികൃതർ. ആദ്യം ഇൻഡോർ സ്റ്റേഡിയമായിട്ടായിരുന്നു പദ്ധതി.
പിന്നീടാണ് ഭിന്നശേഷിസൗഹൃദ ഒറ്റപ്പാലം സ്റ്റേഡിയം എന്ന പേരിൽ പദ്ധതി മാറ്റിയത്. 21,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള സ്റ്റേഡിയമാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.
ആറ് ഷട്ടിൽ ബാഡ്മിന്റൺ കോർട്ട്, വോളിബോൾ- ബാസ്കറ്റ് ബോൾ കോർട്ടുകൾ, റാംപ് സൗകര്യം, വസ്ത്രം മാറാനുള്ള മുറി, കോൺഫറൻസ് ഹാൾ, ഓഫീസ് മുറി, ഏകദേശം 1,000 കാണികൾക്ക് കളി കാണാനുള്ള സൗകര്യം, ചുറ്റുമതിൽ, സോളാർ സംവിധാനം, പാർക്കിംഗ് സൗകര്യം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു.
കായികവകുപ്പിന് കീഴിലുള്ള സ്പോർട്സ് ഫൗണ്ടേഷൻ കേരളയ്ക്കായിരുന്നു നിർമാണച്ചുമതല. എല്ലാവിധ നടപടികളും പൂർത്തിയാക്കിയാണ് നിർമാണോദ്ഘാടനം നടത്തിയത്.
എന്നാൽ കോടതി ഉത്തരവോടെ കുട്ടികളുടെ കളിസ്ഥലം എന്ന പ്രശ്നം പരിഹരിക്കാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. കളിസ്ഥലം കണ്ടെത്തിയാൽ മാത്രമേ പതിറ്റാണ്ടിന്റെ സ്വപ്നം യാഥാർഥ്യമാകൂ.