അയ്യായിരം വർഷം പഴക്കമുള്ള മമ്മിയിൽനിന്നു കണ്ടെടുത്ത ഈസ്റ്റ് ഉപയോഗിച്ച് ബ്രെഡ് തയാറാക്കി ശാസ്ത്രജ്ഞർ. ഗവേഷകലോകത്തു മാത്രമല്ല, കൗതുക വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൻ തരംഗമായി മാറി. ബ്രെഡിനു പിന്നാലെ ഇതേ ഈസ്റ്റ് ഉപയോഗിച്ച് ബിയർ നിർമിക്കാനുള്ള തയാറെടുപ്പിലുമാണു ഗവേഷകർ!
ആൽപ്സ് പർവതനിരകളിൽനിന്നു കണ്ടെത്തിയ ഒറ്റ്സി ദി ഐസ്മാൻ- എന്ന മമ്മിയിൽ നിന്നാണ് ഗവേഷകർ പുരാതന ഈസ്റ്റ് വേർതിരിച്ചെടുത്തത്. ഏകദേശം 5300 വർഷത്തിലേറെയായി മഞ്ഞിൽ പൂണ്ടുകിടന്ന മൃതദേഹം, 1991-ൽ ഇറ്റലി-ഓസ്ട്രിയ അതിർത്തിയിലെ ആൽപ്സ് പർവതനിരകളിൽനിന്നാണു കണ്ടെത്തിയത്.
ചരിത്രാതീത കാലത്തെ മനുഷ്യരുടെ ജീവിതരീതികളെക്കുറിച്ച് പഠിക്കാൻ ഗവേഷകർ മമ്മി നിരന്തരം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് യുറാക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മമ്മി സ്റ്റഡീസിലെ ശാസ്ത്രജ്ഞർ ഒറ്റ്സിയുടെ ശരീരത്തിൽനിന്ന് ഈസ്റ്റ് വേർതിരിച്ചെടുത്തത്.