ന്യൂഡൽഹി: രാജ്യത്ത് സായുധ മാവോയിസം അവസാനിച്ചെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സുരക്ഷാ രംഗത്ത് നിർണായക മാറ്റംവരുത്തി ആഭ്യന്തരമന്ത്രാലയം. ഛത്തീസ്ഗഡിലെ നക്സൽ വിരുദ്ധ ദൗത്യമേഖലയിൽനിന്ന് 1000ത്തിലധികം പേരടങ്ങുന്ന ഒരു സിആർപിഎഫ് ബറ്റാലിയനെ മണിപ്പുരിലെ സുരക്ഷാ ചുമതലകൾക്കായി ഔദ്യോഗികമായി നിയമിച്ചു.
മാവോയിസ്റ്റ് സ്വാധീനമേഖലയായിരുന്ന തെക്കൻ ബസ്തറിലെ സുക്മ ജില്ലയിലായിരുന്നു കഴിഞ്ഞ കുറേവർഷങ്ങളായി ഈ ബറ്റാലിയൻ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മാർച്ചോടെ മേഖലയിലെ മാവോയിസ്റ്റ് സ്വാധീനം പൂർണമായി ഇല്ലാതായി. ഇതിനുശേഷം മൈനിംഗ് പ്രവർത്തനങ്ങളിലും ഐഇഡി ബോംബുകൾ നിർവീര്യമാക്കുന്നതിലുമായിരുന്നു ഈ സേനാവിഭാഗം ഏർപ്പെട്ടിരുന്നത്. മണിപ്പൂരിൽ തുടരുന്ന വംശീയസംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സിആർപിഎഫിന്റെ ജനറൽ ഡ്യൂട്ടി ബറ്റാലിയനെ അവിടെ വിന്യസിക്കാൻ ആസ്ഥാനത്ത് നിന്നും ഉത്തരവുണ്ടാകുന്നത്.
മാസങ്ങൾക്ക് മുന്പ് സിആർപിഎഫിന്റെ പ്രത്യേക ജംഗിൾ വാർഫെയർ യൂണിറ്റായ കോബ്ര ബറ്റാലിയന്റെ രണ്ട് യൂണിറ്റുകളെയും മണിപ്പൂരിൽ വിന്യസിച്ചിരുന്നു. നിലവിൽ ഛത്തീസ്ഗഢിൽനിന്ന് പിൻവലിച്ച ബറ്റാലിയൻ ഏറ്റെടുത്തിരുന്ന ചുമതലകളും ഔദ്യോഗിക ഉത്തരവാദിത്വങ്ങളും മറ്റ് സിആർപിഎഫ് യൂണിറ്റുകളും സംസ്ഥാനപൊലിസും നിർവഹിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഛത്തീസ്ഗഡ്, ഒഡീഷ എന്നിവടങ്ങളിലെ മാവോയിസ്റ്റ് ബാധിതമേഖലകളിൽ നിന്ന് കൂടുതൽ അർധസൈനിക ബറ്റാലിയനുകളെ കൂടി പിൻവലിക്കാൻ പദ്ധതിയുണ്ടെന്നും ഇവരെ മണിപ്പുരിലേക്കും പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലേക്കും നിയോഗിച്ചേക്കുമെന്നും ഡൽഹിയിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.