ന്യൂഡല്‍ഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന യുവജന പ്രതിഷേധങ്ങളിലുണ്ടായ വീഴ്ചകളെത്തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അടിമുടി പരിഷ്കരിക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. ജൂലൈ 20ന് രാജ്യതലസ്ഥാനത്തുണ്ടായ വൻ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇനിമുതൽ നഗരത്തിൽ നടക്കുന്ന ഏതൊരു പ്രതിഷേധത്തിനും മുന്‍പായി, കുറഞ്ഞത് പത്തു പ്രധാന വിവരങ്ങൾ ശേഖരിക്കാനും അവ വിശകലനം ചെയ്യാനും ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ ഇന്റലിജൻസ് വിഭാഗത്തിനു നിർദേശം നൽകി.
ഇന്റലിജൻസ് ശേഖരിക്കേണ്ട പ്രധാന വിവരങ്ങൾ:
സംഘാടനവും പങ്കാളിത്തവും: പ്രതിഷേധക്കാർ ഏതൊക്കെ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്, ആളുകളെ സംഘടിപ്പിക്കാൻ സ്വീകരിച്ച മാർഗങ്ങൾ, സമരത്തിൽ പങ്കാളികളാകുന്ന വിവിധ സംഘടനകളുടെ പങ്ക്.നേതൃത്വവും സമ്പർക്കവും: സമരത്തിന്റെ പ്രധാന നേതാക്കളും സംഘാടകരും, ഡൽഹിയിൽ അവർ തങ്ങുന്ന സ്ഥലങ്ങൾ, അവർ സന്ദർശിക്കുന്ന ഇടങ്ങൾ, തലസ്ഥാനത്ത് അവർക്കുള്ള ബന്ധങ്ങൾ.
സാമ്പത്തിക-സാങ്കേതിക പശ്ചാത്തലം:
സമരത്തിനാവശ്യമായ സാമ്പത്തിക സ്രോതസുകൾ, ആൾക്കൂട്ടത്തിനായി ചെയ്തിട്ടുള്ള ക്രമീകരണങ്ങൾ.
ലക്ഷ്യവും ആവശ്യങ്ങളും:
പ്രതിഷേധത്തിന്റെ കൃത്യമായ അജൻഡയും പ്രധാന ആവശ്യങ്ങളും മുൻകൂട്ടി മനസിലാക്കൽ. പ്രതിഷേധക്കാരുടെ എണ്ണം, അവരുടെ ഏകോപനം എന്നിവയെക്കുറിച്ച് മുൻകൂട്ടി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിലയിരുത്തിയതിനെത്തുടർന്നാണ്, ആൾക്കൂട്ടത്തിന്റെ വലിപ്പം മാത്രം കണക്കാക്കാതെ കൂടുതൽ വിശദവും കൃത്യവുമായ വിവരങ്ങൾ നൽകാൻ സ്പെഷൽ ബ്രാഞ്ചിന് നിർദേശം നൽകിയിട്ടുള്ളത്.