കൊച്ചി: വിദേശജോലി റിക്രൂട്ട്മെന്റിനുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദേശത്തു ജോലി ലഭിച്ചതേറെയും നഴ്സുമാർക്ക്. ഇക്കാലയളവിൽ ആകെ നിയമനം ലഭിച്ച 1759 ൽ 1752 പേരും നഴ്സുമാരാണ്.
യുഎഇ, സൗദി അറേബ്യ, തുർക്കി, ബെൽജിയം, ജർമനി, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്കാണു മലയാളി നഴ്സുമാർ ഒഡെപെക് വഴി പറന്നത്. 2024-25ൽമാത്രം 726 മലയാളി നഴ്സുമാർ വിവിധ രാജ്യങ്ങളിൽ ജോലിക്കു കയറി. 2022-23ൽ 157, 2023-24ൽ 553 എന്നിങ്ങനെയായിരുന്നു ഇതുവഴി വിദേശജോലി ലഭിച്ച നഴ്സുമാരുടെ എണ്ണം. അതേസമയം 2025-26ൽ റിക്രൂട്ട് ചെയ്തവരുടെ എണ്ണം 213 ആയി. നടപ്പു സാന്പത്തികവർഷം ഇതുവരെ 110 പേർക്കു ജോലി ലഭിച്ചിട്ടുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ഒഡെപെക് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു.
യുഎഇയിൽ 574 പേർക്കാണു ജോലി ലഭിച്ചത്. സൗദി അറേബ്യയിൽ 263 പേർക്കും തുർക്കിയിൽ 220 പേർക്കും ഉസ്ബെക്കിസ്ഥാനിൽ 99 പേർക്കും ബെൽജിയത്തിൽ 235 പേർക്കും ജോലി ലഭിച്ചു. യുകെയിൽ 122 പേരെ ഒഡെപെക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. 189 പേർക്കാണു ജർമനിയിൽ ജോലി ലഭിച്ചത്. റിക്രൂട്ട്മെന്റുകൾ വഴി ഒഡെപെകിന്റെ വരുമാനവും ഇക്കാലയളവിൽ ഉയർന്നു. ഉദ്യോഗാർഥികളിൽനിന്ന് 2.58 കോടിയും വിദേശ ഏജൻസികളിൽനിന്ന് 11.90 കോടിയും റിക്രൂട്ട്മെന്റ് ഫീസിനത്തിൽ ഒഡെപെകിലെത്തി. 35,400 രൂപയാണു ഉദ്യോഗാർഥി നൽകേണ്ട സർവീസ് ചാർജ്.
ഒഡെപെക് വഴി അധ്യാപക നിയമനവും
വിദേശത്ത് അധ്യാപകരാകാനും ഒഡെപെക് റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ട്. 122 പേരാണ് ഒഡെപെകിലൂടെ ഇതുവരെ വിദേശത്തു അധ്യാപനജോലിയിൽ പ്രവേശിച്ചത്. ഉസ്ബെക്കിസ്ഥാൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അധ്യാപകരുടെ ഇഷ്ടയിടമെന്ന് ഒഡെപെകിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.