പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ എടുത്ത നടപടികളെ നിയമപരമായി നേരിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2025-ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ യാതൊരുവിധ സാമ്പത്തിക ആക്ഷേപങ്ങളും ഇല്ലെന്നും, കോടതിയെ മുൻകൂട്ടി അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്ന സാങ്കേതിക പ്രശ്നം മാത്രമാണ് നിലവിലുള്ളതെന്നും അദ്ദേഹം പത്തനംതിട്ടയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേസിലെ പ്രധാന വിവാദമായ ദ്വാരപാലക ശിൽപം അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 2025 സെപ്റ്റംബർ 7-ന് തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് സന്നിധാനത്തുനിന്ന് ശിൽപങ്ങൾ അഴിച്ചെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ സ്പെഷ്യൽ കമ്മീഷണറെ വിവരമറിയിച്ചിരുന്നു. ഹൈക്കോടതിയുടെ സ്റ്റേ പിന്നീട് ഒഴിവാക്കപ്പെടുകയും ശിൽപങ്ങൾ കൊണ്ടുപോകാൻ അനുമതി ലഭിക്കുകയും ചെയ്തതാണ്. അതിനുശേഷമാണ് സെപ്റ്റംബർ 17ന് സ്വർണ പീഠങ്ങൾ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉടലെടുക്കുന്നത്.
കേസിൽ വലിയ വഴിത്തിരിവുണ്ടാക്കിയ 2019-ലെ ഫയലുകൾ കോടതിക്ക് കൈമാറിയത് തന്റെ നേതൃത്വത്തിലുള്ള ബോർഡാണ്. എന്തെങ്കിലും ഒളിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ ഫയലുകൾ നൽകില്ലായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. എക്സിക്യൂട്ടീവ് ഓഫീസർ ഉണ്ണികൃഷ്ണൻ പോറ്റിയെ താൻ എക്സിക്യൂട്ടീവ് ഓഫീസിൽ വെച്ച് ഒറ്റത്തവണ മാത്രമാണ് കണ്ടിട്ടുള്ളത്. ഫോണിൽ 30 സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള 4-5 കോളുകൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഇയാൾ ഇപ്പോൾ കള്ളം പറയുകയാണ്. കേസിൽ പറയുന്ന ഗോവർധനെ താൻ കണ്ടിട്ട് പോലുമില്ല - പ്രശാന്ത് വ്യക്തമാക്കി.
ശബരിമലയിലെ ഉരുപ്പടികൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണമെന്ന 2023 ജൂണിലെ കോടതി ഉത്തരവ് വരുമ്പോൾ തന്റെ ബോർഡ് അധികാരത്തിൽ ഇല്ലായിരുന്നു. ആ ഉത്തരവിനെക്കുറിച്ച് ബോർഡിന് അറിവുണ്ടായിരുന്നില്ല. ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഈ കേസിന് പിന്നിൽ വലിയ രാഷ്ട്രീയ സമ്മർദമുണ്ടെന്ന് സംശയിക്കുന്നതായും അയ്യപ്പ സംഗമം പൊളിക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രശാന്ത് ആരോപിച്ചു. താൻ ധനലക്ഷ്മി ബാങ്കിൽ നിന്ന് 45 ലക്ഷം രൂപ ലോൺ എടുത്താണ് വീട് വെച്ചതെന്നും നിലവിൽ തനിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്ഐടിയെക്കുറിച്ച് വ്യക്തിപരമായി ആക്ഷേപങ്ങളൊന്നുമില്ലെന്നും അവർ സത്യസന്ധമായ റിപ്പോർട്ട് നൽകുമെന്നാണ് വിശ്വാസമെന്നും പറഞ്ഞ അദ്ദേഹം, കോടതി എന്ത് ശിക്ഷ നൽകിയാലും അത് ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു.