കണ്ണൂർ: കണ്ണൂരിൽ തുടങ്ങിയ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ പ്രതീക്ഷിച്ച പരിസമാപ്തി. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് തെരുവുനായ ആക്രമണം പ്രധാന വിഷയമായി ആദ്യം സുപ്രീംകോടതിയിൽ കൊണ്ടുവന്നത്. പിന്നീട് ഇതേ കാര്യം ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കോടതികളിലെത്തി.
പ്രധാനമായും സംസ്ഥാനത്തു നടന്ന രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹർജി സമർപ്പിച്ചത്-2025 ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് പത്തുവയസുകാരൻ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും ഇതേ പ്രദേശത്തുതന്നെ നായ്ക്കളുടെ ആക്രമണത്തിൽ ജൂൺ 19ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും.
രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അന്നു നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഞെട്ടിക്കുന്ന കണക്കുകൾ
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതായി ഭരണാധികാരികൾ ആവർത്തിക്കുന്പോഴും സംസ്ഥാനത്ത് പ്രതിദിനം ആയിരത്തോളം പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏകദേശം 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ട്. എന്നാൽ, സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ചുരുങ്ങിയത് അഞ്ചു ലക്ഷത്തിനു മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾത്തന്നെ വ്യക്തമാകും. 2017 ൽ 1.35 ലക്ഷം പേർക്കാണു നായയുടെ കടിയേറ്റത്.
2018ൽ 1.48 ലക്ഷം, ,2019ൽ 1.61 ലക്ഷം, 2020 ൽ 1,60,483, 2021 ൽ- 2,21,379, 2022ൽ 2,88,866 എന്നിങ്ങനെയാണു തെരുവുനായ് ആക്രമണത്തിനിരയായവരുടെ കണക്ക്.
2023ൽ1.60 ലക്ഷം പേർ ആക്രമണത്തിനിരയാകുകയും പേവിഷ ബാധയേറ്റ് 25 പേർ മരിക്കുകയും ചെയ്തു. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് നിയമസഭാരേഖയിൽ പറയുന്നത്. പേ വിഷബാധയേറ്റ് 26 മരണവും സംഭവിച്ചു.
2025ൽ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 3.25 ലക്ഷത്തോളം പേർക്ക് പരിക്കേറ്റു. 33 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. അഖിലേന്ത്യാതലത്തിൽ നായ ആക്രമണ സംഭവങ്ങൾ 47.48 ലക്ഷം കവിഞ്ഞു. സുപ്രീംകോടതിയുടെ കണക്കുകൾ പ്രകാരം ഇത്രയും ഉയർന്ന ആക്രമണങ്ങൾ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.