കണ്ണൂർ: കണ്ണൂരിൽ തുടങ്ങിയ പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയിൽ പ്രതീക്ഷിച്ച പരിസമാപ്തി. തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി തേടി അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് തെരുവുനായ ആക്രമണം പ്രധാന വിഷയമായി ആദ്യം സുപ്രീംകോടതിയിൽ കൊണ്ടുവന്നത്. പിന്നീട് ഇതേ കാര്യം ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കോടതികളിലെത്തി.
പ്രധാനമായും സംസ്ഥാനത്തു നടന്ന രണ്ടു സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹർജി സമർപ്പിച്ചത്-2025 ജൂൺ 11ന് കണ്ണൂർ മുഴപ്പിലങ്ങാട് പത്തുവയസുകാരൻ നിഹാലിനെ തെരുവുനായ കടിച്ചുകീറി കൊന്നതും ഇതേ പ്രദേശത്തുതന്നെ നായ്ക്കളുടെ ആക്രമണത്തിൽ ജൂൺ 19ന് ജാൻവി എന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതും.
രണ്ടു സംഭവങ്ങളും ദൗർഭാഗ്യകരമാണെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അന്നു നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഞെട്ടിക്കുന്ന കണക്കുകൾ
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതായി ഭരണാധികാരികൾ ആവർത്തിക്കുന്പോഴും സംസ്ഥാനത്ത് പ്രതിദിനം ആയിരത്തോളം പേർ തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെടുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏകദേശം 2.89 ലക്ഷം തെരുവുനായ്ക്കൾ ഉണ്ട്. എന്നാൽ, സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം ചുരുങ്ങിയത് അഞ്ചു ലക്ഷത്തിനു മുകളിലാണെന്ന് പ്രാദേശിക കണക്കുകളുടെ ശരാശരി പരിശോധിക്കുമ്പോൾത്തന്നെ വ്യക്തമാകും. 2017 ൽ 1.35 ലക്ഷം പേർക്കാണു നായയുടെ കടിയേറ്റത്.
2018ൽ 1.48 ലക്ഷം, ,2019ൽ 1.61 ലക്ഷം, 2020 ൽ 1,60,483, 2021 ൽ- 2,21,379, 2022ൽ 2,88,866 എന്നിങ്ങനെയാണു തെരുവുനായ് ആക്രമണത്തിനിരയായവരുടെ കണക്ക്.
2023ൽ1.60 ലക്ഷം പേർ ആക്രമണത്തിനിരയാകുകയും പേവിഷ ബാധയേറ്റ് 25 പേർ മരിക്കുകയും ചെയ്തു. 2024 ൽ സംസ്ഥാനത്ത് 3.16 ലക്ഷം തെരുവുനായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് നിയമസഭാരേഖയിൽ പറയുന്നത്. പേ വിഷബാധയേറ്റ് 26 മരണവും സംഭവിച്ചു.
2025ൽ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 3.25 ലക്ഷത്തോളം പേർക്ക് പരിക്കേറ്റു. 33 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. അഖിലേന്ത്യാതലത്തിൽ നായ ആക്രമണ സംഭവങ്ങൾ 47.48 ലക്ഷം കവിഞ്ഞു. സുപ്രീംകോടതിയുടെ കണക്കുകൾ പ്രകാരം ഇത്രയും ഉയർന്ന ആക്രമണങ്ങൾ വലിയൊരു പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിക്കഴിഞ്ഞു.

നായ്ക്കളുടെ ആക്രമണം കൂടുന്പോഴും അത് മാധ്യമങ്ങളിൽ വാർത്തയാകുന്പോൾ മാത്രമാണ് പേരിനെങ്കിലും നടപടിയുണ്ടാകുന്നത്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കള്‍ ഉള്ളതെന്നാണു കണക്ക്.
തെരവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ട തദ്ദേശസ്ഥാപന അധികൃതര്‍ നിയമത്തിന്റെ നൂലാമാല പറഞ്ഞ് ഒഴിഞ്ഞുമാറുന്നതിലൂടെ കുരുക്കിലാകുന്നത് പിഞ്ചുകുട്ടികളടക്കമുള്ള പാവം ജനങ്ങളാണ്.
മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന മലയാളിയുടെ സംസ്കാരം മാറിയാല്‍ ഒരു പരിധിവരെ തെരവുനായ്ക്കളില്നിന്നുള്ള ഭീതി ഒഴിവാക്കാനാകും. നേരത്തേ തെരുവുനായ്ക്കളെ പിടികൂടി തദ്ദേശസ്ഥാപനങ്ങൾ കൊന്നിരുന്നു. എന്നാല്‍ പേവിഷബാധയില്ലാത്തവയെ കൊല്ലാന്‍ പാടില്ലെന്ന നിര്‍ദേശം വന്നതോടെ നായ പിടിത്തവും നിലച്ച അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധി വലിയ പ്രതീക്ഷയാണു നൽകുന്നത്.

തെരുവുനായ്ക്കളുടെ ആക്രമണത്തിനും പേവിഷബാധയ്ക്കും ഇരയാകുന്നവര്‍ക്കു നൽകാനുള്ള പ്രതിരോധ മരുന്നുകള്‍ക്ക് മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ക്ഷാമം നേരിടുന്നുണ്ട്. പേ വിഷബാധയേറ്റവര്‍ക്ക് 24 മണിക്കൂറിനകം നൽകേണ്ട ആന്റി റാബീസ് സിറം (എആര്‍എസ്), പ്രതിരോധമരുന്നായ ഇന്‍ഡ്രോ ഡെര്‍മല്‍ റാബീസ് വാക്സിന് (ഐഡിആര്‍വി) എന്നിവയ്ക്ക് പലപ്പോഴും ക്ഷാമമാണ്.
Tags : Kannur District Panchayat guide P.P. Divya Supreme Court streets dog